വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു: 15 പേർ ആശുപത്രിയിൽ

തിരുവനന്തപുരം: ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് അപകടം. വർക്കലയിലാണ് സംഭവം. ബ്രിഡ്ജിന്റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണു. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. കടലിൽ വീണതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ പകുതിയോളം അപകടത്തിൽ തകർന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു അപകടം നടന്നത്.

ഫ്ലോട്ടിങ് ബ്രിഡ്ജിൽ കൂടുതൽ ആളുകൾ കയറിയതാണ് അപകടത്തിന്റെ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. തിരയടിച്ച് ബ്രിഡ്ജ് മറിഞ്ഞെന്നും തുടർന്ന് ആളുകൾ കടലിൽ വീഴുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കി.

കടലിൽ വീണ ആരെയും കാണാതെ പോയതായി റിപ്പോർട്ടുകൾ ഇല്ല. അപകടം നടന്ന ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽപ്പെട്ടവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. അപകടത്തിനിരയായവരിൽ എട്ടുപേരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരെ എസ് എൻ മിഷൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.