സുധാ മൂർത്തി രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്ത് രാഷ്ട്രപതി

ന്യൂഡൽഹി: സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുധാ മൂർത്തിയെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം തന്റെ എക്‌സ് മാദ്ധ്യമത്തിലൂടെ അറിയിച്ചത്.

സുധാ മൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിവിധ മേഖലകളിലെ മികച്ച പ്രവർത്തനം പ്രചോദനം നൽകുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കന്നഡ സാഹിത്യ ലോകത്തെ ഏറെ പ്രശസ്തയായ വ്യക്തിത്വമാണ് സുധാ മൂർത്തി. ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപഴ്‌സനും കൂടിയാണ് ഇവർ. യുകെ പ്രധാനമന്ത്രി ഋഷി സുനാകിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ അമ്മയാണ് സുധാ മൂർത്തി. 2006ൽ രാജ്യം പത്മശ്രീയും 2023ൽ പത്മവിഭൂഷണും നൽകി സുധാ മൂർത്തിയെ ആദരിച്ചിട്ടുണ്ട്.

സാഹിത്യരംഗത്തെ സംഭാവനയ്ക്ക് ആർ കെ നാരായണൻ പുരസ്‌കാരവും സുധാ മൂർത്തിയ്ക്ക് നൽകിയിട്ടുണ്ട്.