മക്കൾ പോകുന്നത് കാര്യമല്ല, ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതി; പത്മജയുടെ ബിജെപി പ്രവേശനത്തിൽ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മക്കൾ പോകുന്നത് വലിയ കാര്യമല്ലെന്നും ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പിതാക്കന്മാർ എടുക്കുന്ന രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കുന്ന നിലപാട് മക്കൾ സ്വീകരിച്ചാൽ അതിനെ ജനം ഉൾകൊള്ളില്ല. അത് അവരുടെ മണ്ടത്തരമായേ ആളുകൾ കാണൂ. പുച്ഛത്തോടെയേ രാഷ്ട്രീയ കേരളം കാണൂ. അത്തരം തീരുമാനങ്ങളുടെ കൂടെ ആളുകൾ ഉണ്ടാവില്ല. കൊണ്ടുപോകുന്നവർക്ക് കാര്യവുമുണ്ടാകില്ല. ബിജെപിക്ക് അത്ര പെട്ടെന്ന് ഇവിടെ വേരുണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി സ്വാഭാവികമായും പല പരീക്ഷണവും നടത്തി നോക്കും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽകൈ ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.