സിലിണ്ടറിന് 300 രൂപ വീതം സബ്സിഡി; ഉജ്ജ്വല യോജന സബ്സിഡി തുടരാൻ തീരുമാനിച്ച് കേന്ദ്രം

ന്യൂഡൽഹി: ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്‌സിഡി തുടരാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഗ്യാസ് സിലിണ്ടർ ഉപയോക്താക്കൾക്കാണ് സബ്‌സിഡി ലഭിക്കുക. കഴിഞ്ഞദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്‌സിഡി 2025 വരെ തുടരാനാണ് തീരുമാനം.

ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകൾക്ക് എൽപിജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന. അതിനിടെ ദേശീയ ‘എ ഐ’ മിഷൻ ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. 10000 കോടി രൂപ പദ്ധതിക്കായി നീക്കിവയ്ക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

വനിതാ ദിനസമ്മാനമായി ഗാർഹിക സിലിണ്ടറിന് നൂറ് രൂപയും കേന്ദ്ര സർക്കാർ കുറച്ചു. പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. പാചക വാതക സിലണ്ടറിന്റെ വില കുറച്ചത് രാജ്യത്തെ സ്ത്രീകൾക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.