തിരുവനന്തപുരം: രണ്ടു വൈസ് ചാൻസർമാരെകൂടി പുറത്താക്കാൻ തീരുമാനിച്ച് ഗവർണർ. കാലിക്കറ്റ്, സംസ്‌കൃത സർവകലാശാല വിസിമാരെയാണ് പുറത്താക്കിയത്. 10 ദിവസത്തിനകം സ്ഥാനമൊഴിയണമെന്നാണ് രാജ്ഭവൻ ഉത്തരവിട്ടിരിക്കുന്നത്. യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഇവരെ നിയമിച്ചതിനാലാണ് നടപടി.
ഡോ എം കെ ജയരാജാണ് കാലിക്കട്ട് വിസി ഡോ എം വി നാരായണനാണ് സംസ്‌കൃത വിസി. ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസിമാരുടെ കാര്യത്തിൽ യുജിസിയോട് ഗവർണർ അഭിപ്രായം ആരാഞ്ഞു. ഹിയറിങിനു ശേഷമാണ് ഗവർണറുടെ നടപടി. ഓപ്പൺ സർവകലാശാല വിസി രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പൺ, ഡിജിറ്റൽ, കാലിക്കറ്റ്, സംസ്‌കൃത സർവകശാല വിസിമാരുമായി ഗവർണർ ഹിയറിങ് നടത്തിയിരുന്നു. കോടതി നിർദേശപ്രകാരമായിരുന്നു. വിസി നിയമനത്തിന്റെ സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും വിസിയെ നിയമിക്കാൻ പാനലിനു പകരം ഒരു പേര് മാത്രം സമർപ്പിച്ചതും വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാകാൻ കാരണമായി ചൂണ്ടിക്കാട്ടി ഗവർണർ നോട്ടിസ് നൽകിയത്.

