കൊച്ചി: എറണാകുളം കോൺഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന് ജാമ്യം. കോതമംഗലത്തെ സമരത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. പ്രതിഷേധത്തിനിടെ ഡിവൈ.എസ്.പിയെ ആക്രമിച്ചുവെന്ന കേസിലാണ് കോടതി മുഹമ്മദ് ഷിയാസിന് ജാമ്യം നൽകിയത്. കോതമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
ഇതിനിടെ മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷിയാസ് സമാന്തരമായി നൽകിയ ഹർജി പരിഗണിച്ചാണ് 16-ാം തീയതി വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടത്. കോതമംഗലം സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് വാഹനം ആക്രമിച്ചുവെന്ന കേസിൽ മുഹമ്മദ് ഷിയാസിന് കോടതി രാവിലെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നേടി പുറത്തുവന്ന ഉടൻ ഡിവൈ.എസ്.പിയെ ആക്രമിച്ച കേസിൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്റെ ശ്രമം. എന്നാൽ അദ്ദേഹം ഓടി കോടതി സമുച്ചയത്തിലേക്ക് കയറിയതോടെ ഈ നീക്കം പരാജയപ്പെട്ടു.
നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചതിനെ തുടർന്നാണ് കോതമംഗലത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. ഡി.സി.സി. അധ്യക്ഷൻ മുഹമ്മദ് ഷിയാസും മാത്യു കുഴൽനാടൻ എം.എൽ.എയും ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവർക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

