ചെന്നൈ: തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് ആശ്വാസ വിധി. സനാതനധർമ വിരുദ്ധ പരാമർശത്തിൽ മന്ത്രിക്കെതിരെ ക്വോ വാറന്റോ പുറപ്പെടുവിക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഉദയനിധിക്കും മറ്റ് രണ്ട് ഡിഎംകെ ജനപ്രതിനിധികൾക്കും എതിരെയായിരുന്നു ഹർജി. ഉദയനിധി വിവാദ പരാമർശം നടത്തിയ സമയത്ത് വേദിയിലുണ്ടായിരുന്ന സംസ്ഥാന മന്ത്രി പി.കെ. ശേഖർ, പരാമർശത്തെ പിന്താങ്ങിയ ഡിഎംകെ എംപി. എ രാജ എന്നിവർക്കെതിരെയായിരുന്നു ഹർജി സമർപ്പിക്കപ്പെട്ടിരുന്നത്.
ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം തെറ്റാണെങ്കിലും അദ്ദേഹത്തെ ഒരു കോടതിയും കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹം വിവാദമായ സനാതനധർമ വിരുദ്ധ പരാമർശം നടത്തിയത്. മലേറിയയും ഡെങ്കിയും പോലെ നിർമ്മാർജനം ചെയ്യപ്പെടേണ്ടതാണ് സനാതന ധർമമെന്നാണ് അദ്ദേഹം പറഞ്ഞത്. പരാമർശം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.
വിവാദ പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. സമൂഹത്തിൽ ഭിന്നതക്ക് കാരണമാകുന്ന പരാമർശം നടത്തരുതായിരുന്നു. പരാമർശം ഭരണഘടനാ തത്വങ്ങൾക്ക് എതിരാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു. മന്ത്രിമാർ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാൽ, ഉദയനിധിയെ അയോഗ്യനാക്കാൻ നിലവിൽ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

