തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ വീണ്ടും അംഗീകാരത്തിന്റെ നിറവിൽ. തിരുവനന്തപുരം നഗരസഭ ‘സിറ്റിസ് 2.0’ ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്മാർട്ട് സിറ്റിയിൽ തെരഞ്ഞെടുക്കപ്പെട്ട 100 നഗരങ്ങളിൽ നിന്നും ആദ്യഘട്ടത്തിൽ 36 നഗരങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും തുടർന്ന് 08.02.2024 ൽ ഇന്റർവ്യൂ നടത്തി 18 നഗരങ്ങളെ (സിറ്റിസ് 2.0) തെരഞ്ഞെടുക്കുകയാണ് ചെയ്തത്. കേരളത്തിൽ നിന്ന് സിറ്റിസ് 2.0 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക നഗരമാണ് തിരുവനന്തപുരം. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. മേയറും നഗരസഭ സെക്രട്ടറിയും സ്മാർട്ട് സിറ്റി സിഇഒയുമാണ് ഇന്റർവ്യൂവിൽ പങ്കെടുത്തത്.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഏറ്റവും നല്ല നഗരസഭയ്ക്കുള്ള ‘സ്വരാജ് ട്രോഫി’ നേടിയ തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ച അഭിമാന നേട്ടം കൂടിയാണ് ഇത്. സ്മാർട്ട് സിറ്റിയുടെ കാലാവധി 2024 ജൂണിൽ അവസാനിക്കുകയാണ്. പ്രസ്തുത കാലവധിയിൽ തന്നെ സ്മാർട്ട് സിറ്റിയിൽ ഏറ്റെടുത്തിട്ടുള്ള മുഴുവൻ പദ്ധതികളും നടപ്പിലാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള പ്രവർത്തനങ്ങളുടെ മികവ് നഗരത്തിലെ സാധാരണ ജനങ്ങൾക്ക് ഏറ്റവും ഗുണകരമായി തീരുമെന്ന് നഗരസഭ പ്രതീക്ഷിക്കുന്നു. ‘സിറ്റിസ് 2.0’ ലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോട് കൂടി നിലവിലുള്ള മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൂർണമായി പരിഹരിക്കുവാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. സ്മാർട്ട് സിറ്റി പദ്ധതിയുടെ നടത്തിപ്പിൽ നഗരസഭയ്ക്ക് നൽകിയിട്ടുള്ള എല്ലാവിധത്തിലുമുള്ള പിന്തുണയും പ്രോത്സാഹനവും തുടർന്നും സിറ്റിസ് 2.0യിലും ഉണ്ടാകണമെന്ന് നഗരവാസികളോടും വിവിധ രാഷ്ട്രീയ കക്ഷികളോടും മേയർ അഭ്യർത്ഥിച്ചു. ‘സ്മാർട്ട് സിറ്റി’ പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തിനായി പ്രവർത്തിച്ച എല്ലാവർക്കും മേയർ നന്ദി അറിയിക്കുകയും ചെയ്തു.

