സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ

തിരുവനന്തപുരം: സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. ഒരു പവന് 560 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 47560 രൂപയായി. അന്താരാഷ്ട്ര വിപണിയും സ്വർണ്ണവില ഉയർന്നു. അന്താരാഷ്ട്ര സ്വർണവില 2115 യുഎസ് ഡോളർ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് സ്വർണ്ണവില കുത്തനെ ഉയരാൻ കാരണം.

മാർച്ച് മാസം ആദ്യ ദിനങ്ങളിൽ തന്നെ സ്വർണവില കുത്തനെ ഉയരുകയായിരുന്നു. ശനിയാഴ്ച മാത്രം പവന് 680 രൂപയാണ് വർധിച്ചത്. ഇതോടെയാണ് സ്വർണവില 47,000 ത്തിലേക്കെത്തിയത്. അഞ്ച് ദിവസംകൊണ്ട് 1480 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 70 രൂപ ഉയർന്നു. 5945 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4935 രൂപയാണ്.

അതേസമയം, വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. വിപണി വില 78 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.