കൊച്ചി മെട്രോ; തൃപ്പൂണിത്തുറ ടെർമിനൽ ഉദ്ഘാടനം ബുധനാഴ്ച്ച. പ്രധാനമന്ത്രി നിർവ്വഹിക്കും

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ ഉദ്ഘാടനം ബുധനാഴ്ച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആറാം തീയതി കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ നാടിന് സമർപ്പിക്കും. രാവിലെ പത്ത് മണിക്ക് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്‌ളാഗ് ഓഫ് കർമ്മം നിർവ്വഹിക്കും.

തൃപ്പൂണിത്തുറ സ്റ്റേഷനിൽനിന്നുള്ള ആദ്യ ട്രെയിൻ ഭിന്നശേഷിയുള്ള കുട്ടികളുമായി ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും. അന്നുതന്നെ പൊതുജനങ്ങൾക്കായി തൃപ്പൂണിത്തുറയിൽനിന്നു സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ജനപ്രതിനിധികളും വിവിധ വിശിഷ്ട വ്യക്തികളും സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. 75 രൂപയാണ് ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ അംഗീകൃത ടിക്കറ്റ് നിരക്ക്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിൽ ആലുവയിൽ നിന്ന് എസ്എൻ ജംഗ്ക്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ തന്നെ തൃപ്പൂണിത്തുറ വരെയും ഈടാക്കൂ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ 15 രൂപ ഇളവോടെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറ വരെ മെട്രോയിൽ യാത്ര ചെയ്യാം.

1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷൻ ഒരുങ്ങുന്നത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്. ഓപ്പൺ വെബ് ഗിർഡർ സാങ്കേതികവിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ്എൻ ജംക്ഷൻ- തൃപ്പൂണിത്തുറ സ്റ്റേഷനുകൾക്കിടയിലെ 60 മീറ്റർ മേഖലയിലാണ്.

എസ്എൻ ജംക്ഷൻ സ്റ്റേഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ വരെ 1.16 കിലോമീറ്റർ ദൂരമാണ് ഫേസ് 1ബി. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുക. 448.33 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുൾപ്പെടെ ചെലവായത്.