ബെംഗളൂരു: കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ 17 ഇടങ്ങളിൽ മിന്നൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. ഇന്ന് രാവിലെ മുതലാണ് എൻഐഎ മിന്നൽ റെയ്ഡ് നടത്തിയത്. കർണാടകയും തമിഴ്‌നാടും ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലായിരുന്നു പരിശോധന.
വാഗമൺ സിമി ക്യാമ്പ് കേസ് പ്രതി തടിയന്റവിട നസീർ ഉൾപ്പെട്ട, ജയിലിലെ തീവ്രവാദ പരിശീലനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകൾ നടക്കുന്നത്. കർണാടകയിലെ വിവിധയിടങ്ങളിൽ ആക്രമണപരമ്പര നടത്താൻ ഗൂഢാലോചന നടത്തിയ ഐസിസ് മൊഡ്യൂളിലെ അംഗങ്ങൾ 2022 സെപ്റ്റംബറിലാണ് പിടിയിലാകുന്നത്. കർണാടകയിലെ ശിവമൊഗ്ഗയിൽ നിന്നാണ് ഇവർ അറസ്റ്റിലായത്.
2022 നവംബറിൽ മംഗളുരുവിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന പ്രഷർ കുക്കർ ബോംബ് അബദ്ധത്തിൽ പൊട്ടിത്തെറിച്ച് മുഹമ്മദ് ഷരീഖ് എന്ന യുവാവ് അറസ്റ്റിലായി. വാഗമൺ സിമി ക്യാമ്പ് കേസ് പ്രതി തടിയന്റവിട നസീറും ലഷ്‌കർ ഇ ത്വയ്യിബ ഭീകരൻ അഫ്‌സർ പാഷയും ചേർന്ന് ജയിലിൽ വച്ച് തീവ്രവാദ പരിശീലനം നൽകിയ 17 യുവാക്കളെ കഴിഞ്ഞ വർഷം ജൂലൈയിൽ എൻഐഎ അറസ്റ്റ് ചെയ്തു. പെറ്റിക്കേസുകളിൽ അകത്തായ ഈ യുവാക്കളെ പരപ്പന അഗ്രഹാര ജയിലിൽ വച്ച് സ്വാധീനിച്ച്, വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ നിർദേശം നൽകിയെന്നതാണ് കേസ്.
അതേസമയം. ഈ മൂന്ന് കേസുകൾക്കും ബെംഗളുരു രാമേശ്വരം കഫേയിലെ സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാണ് എൻഐഎയുടെ വിലയിരുത്തൽ. മംഗളുരു കുക്കർ ബോംബ് സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ച ബോംബിനും രാമേശ്വരം കഫേയിൽ പൊട്ടിത്തെറിച്ച ബോംബിനും സമാനതകളുണ്ടെന്ന് എൻഐഎ അറിയിച്ചു.

