ന്യൂഡൽഹി: ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കത്തിന്റെ പേരിൽ സർക്കാർ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് വ്യക്തമാക്കി സുപ്രീം കോടതി. കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ സിസ തോമസിനെതിരെ സർക്കാർ നൽകിയ ഹർജി തള്ളിയ ശേഷമാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സിസ തോമസിന് എതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയതിനെതിരെ കോടതി വിമർശനം ഉന്നയിക്കുകയും ചെയ്തു. സാങ്കേതിക സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവി സർക്കാരിന്റെ അനുമതി കൂടാതെ ഏറ്റെടുത്തതിന സിസ തോമസിന് സംസ്ഥാന സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ 48-ാം വകുപ്പ് പ്രകാരം കാരണം കാണിക്കൽ നോട്ടീസ് നൽകാനും നടപടിയെടുക്കാനും സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയുടെ വാദം.
സുപ്രീം കോടതി ഈ വാദത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് വിയോജിപ്പ് അറിയിച്ചത്. സിസ സർക്കാർ ജീവനക്കാരിയാണെന്നും ഗവർണർ-സർക്കാർ തർക്കത്തിന്റെ പേരിൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.

