തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ആവേശോജ്ജ്വല വരവേൽപ്. ജയ് വിളിച്ചും പുഷ്പവൃഷ്ടി നടത്തിയുമാണ് എൻഡിഎ പ്രവർത്തകർ അദ്ദേഹത്തെ വരവേറ്റത്.
കഴിഞ്ഞ ദിവസം വൈകന്നേരമാണ് രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും ജില്ലാ പ്രസിഡന്റ് വി വി രാജേഷും ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കാൻ വേണ്ടി എത്തിയിരുന്നു. വിമാനത്താവളത്തിന് പുറത്ത് നൂറുകണക്കിന് പ്രവർത്തകരും തടിച്ചു കൂടിയിരുന്നു.
ബിജെപി നേതാക്കൾ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് അദ്ദേഹം തുറന്ന വാഹനത്തിൽ നഗരത്തിലൂടെ നീങ്ങി. നൂറ്കണക്കിന് വാഹനങ്ങൾ അകമ്പടിയായി. ചാക്ക, പാളയം തമ്പാനൂർ വഴി ബിജെപി ജില്ലാ ആസ്ഥാനത്തേക്കുള്ള യാത്രയിലുടനീളം അദ്ദേഹത്തിന് ആവേശോജ്ജ്വല വരവേൽപ്പ് ലഭിച്ചു. റോഡിന് ഇരുവശത്തും ജനം ആവേശത്തോടെയാണ് അദ്ദേഹത്തെ വരവേറ്റത്. തിരുവനന്തപുരത്തെ ഐടി നഗരമാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജ്യത്തെ മികച്ച ഐടി ഹബ്ബാക്കി മാറ്റുമെന്നും അതാണ് മോദിയുടെ ഗ്യാരന്റിയെന്നും വിമാനത്താവളത്തിലെ സ്വീകരണം ഏറ്റുവാങ്ങിയശേഷം അദ്ദേഹം വ്യക്തമാക്കി. ഐടി വികസനത്തിൽ കേരളത്തിന് മെല്ലെപ്പോക്കാണ്. ആ അവസ്ഥയിൽ നിന്നും മോചിപ്പിക്കും. ദക്ഷിണ മേഖലയിലെ ഏറ്റവും ഉയർന്ന ഐടി ഹബ്ബാക്കി കേരളത്തെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

