കൊൽക്കത്ത: ഇന്ത്യയിലെ നദിക്കടിയിലെ ആദ്യത്തെ മെട്രോ ടണൽ ഉദ്ഘാടനം നാളെ. കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നദിക്കടിയിലെ ആദ്യ മെട്രോ ടണൽ ഉദ്ഘാടനം ചെയ്യുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകളെല്ലാം റെയിൽവേ പൂർത്തിയാക്കി. രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ടണൽ മാർച്ച് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും അറിയിച്ചിരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലും 2047ഓടെ രാജ്യം വികസിത രാഷ്ട്രമായി മാറുന്നതിനുള്ള അടിത്തറ പാകുന്നതിലുമാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയെന്നും റെയിൽവേ മന്ത്രി ചൂണ്ടിക്കാട്ടി. കൊൽക്കത്ത മെട്രോയുടെ പണി പല ഘട്ടങ്ങളിലായി പുരോഗമിച്ചു. നിലവിലെ ഘട്ടത്തിൽ, നഗരത്തിന്റെ കിഴക്ക്-പടിഞ്ഞാറ് മെട്രോ ഇടനാഴിക്ക് നദിക്ക് താഴെ ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട്. കൊൽക്കത്ത മെട്രോയുടെ പണി 1970-കളിൽ തുടങ്ങിയെന്നും എന്നാൽ മോദി സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ പുരോഗതി കഴിഞ്ഞ 40 വർഷത്തേക്കാൾ വളരെ കൂടുതലാണെന്നും വൈഷ്ണവ് അറിയിച്ചു.
ഹൂഗ്ലി നദിയ്ക്ക് കീഴെ 32 മീറ്റർ താഴ്ചയിലാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ തുരങ്കം വഴി കൊൽക്കത്ത മെട്രോ പരീക്ഷണയോട്ടം നടത്തിയിരുന്നു. 16.6 കിലോമീറ്റർ പാതയിലൂടെ ഹൗറ മൈതാനത്തെ രാജർഹട്ടുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈസ്റ്റ് വെസ്റ്റ് മെട്രോ പദ്ധതിയുടെ ഭാഗമാണിത്. 2017-ൽ ആണ് തുരങ്കം സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായത്. അണ്ടർവാട്ടർ ടണലുകൾ കൊൽക്കത്തയെയും ഹൗറയെയും ഹൗറയിലെ ഒരു മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കും.

