തിരുവനന്തപുരം: താൻ ക്യാൻസർ രോഗ ബാധിതനാണെന്നും ഇപ്പോൾ ചികിത്സയിൽ കഴിയുകയാണെന്നും വെളിപ്പെടുത്തി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ ദിവസം തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായത് ചന്ദ്രയാൻ 3 ദൗത്യം നടക്കുന്ന വേളയിലാണ്. ആ ഘട്ടത്തിൽ അത് വ്യക്തമായിരുന്നില്ല. തനിക്കും കുടുംബത്തിനും ഇത് വലിയ ഞെട്ടലുണ്ടാക്കി. സ്‌കാനിംഗിൽ വയറ്റിലാണ് ക്യാൻസർ ബാധ കണ്ടെത്തിയത്. കീമോ തെറാപ്പി ചികിത്സയ്ക്ക് വിധേയനായി. പൂർണമായ രോഗമുക്തി സാദ്ധ്യമാണോ എന്നത് നിശ്ചയമല്ല. പരിശോധനകൾ നിരന്തരം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

