വികസന പ്രവർത്തനങ്ങൾ അതിവേഗം; ആലപ്പുഴയിൽ ദേശീയപാതയുടെ ഒരുഭാഗം തുറന്നു

തിരുവനന്തപുരം: കേരളത്തിൽ ദേശീയപാതാ വികസനം അതിവേഗതയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ആലപ്പുഴയിൽ പുതുതായി ഉന്നത നിലവാരത്തിൽ നിർമിച്ച മൂന്നുവരി ദേശീയപാതയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ ആരംഭിച്ചതായാണ് റിപ്പോർട്ട്. പുറക്കാട് ഭാഗത്തു ടാർ ചെയ്ത ഇടമാണ് വാഹന ഗതാഗതത്തിനായി തുറന്നു നൽകിയത്. ജില്ലയിലെ അഞ്ച് കിലോമീറ്ററിൽ ആറുവരി ദേശീയപാത പൂർത്തിയാക്കി ഗതാഗതം അനുവദിക്കുമെന്ന് 2023 മേയ് മാസം അന്നത്തെ കലക്ടർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴാണു ടാറിംഗ് പൂർത്തിയാക്കി ഇവിടെ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത്.

സ്ഥലമേറ്റെടുക്കുന്നതും മണ്ണ് ലഭിക്കാതെ വന്നതുമാണ് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ വൈകിയതിന് പ്രധാന കാരണം. ദേശീയപാത നിർമാണ കാലാവധി അടുത്ത വർഷം അവസാനിക്കും. ആലപ്പുഴ ജില്ലയിൽ 83 കിലോമീറ്റർ നീളത്തിൽ ദേശീയപാത ഉണ്ട്. എന്നാൽ ഇതിൽ വെറും ആറ് കിലോമീറ്ററിൽ മാത്രമാണ് ഒരുഭാഗം ടാറിംഗ് ചെയ്യാനായത്. അതേസമയം, ദേശീയപാത വികസനത്തിൽ മറ്റു ജില്ലകളെക്കാൾ ആലപ്പുഴ ഏറെ പിന്നിലാണെന്നാണ് പുറത്തു വരുന്ന വിവരം.

ഈ ഭാഗത്തു കൂടി വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയതോടെ ഇനി നിലവിലെ ദേശീയപാത ഭാഗം പൊളിച്ചുള്ള നവീകരണം ആരംഭിക്കും. നിലവിൽ പുറക്കാട് ഭാഗവും ആലപ്പുഴ ബൈപ്പാസ് ഭാഗവുമാണ് ദേശീയപാത നിർമാണത്തിൽ ജില്ലയിൽ മുന്നിൽ നിൽക്കുന്നത്. നിലവിൽ ടാർ ചെയ്‌തെങ്കിലും ഇതിനു മുകളിൽ വേറെയും പാളികൾ ഇനിയും ടാർ ചെയ്ത് ഉറപ്പിക്കാനുണ്ട്.