ന്യൂഡൽഹി: എഐ പ്ലാറ്റ്‌ഫോമുകളെ ലക്ഷ്യമിട്ട് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ വ്യക്തത വരുത്തി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വിവിധ മേഖലകളിൽ നിന്ന് ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് വിശദീകണവുമായി മന്ത്രി രംഗത്തെത്തിയത്. ഇന്ത്യൻ ഇന്റർനെറ്റിൽ വിന്യസിക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള പരീക്ഷിച്ചിട്ടില്ലാത്ത എ ഐ പ്ലാറ്റ്‌ഫോമുകളെ ലക്ഷ്യമിട്ടാണ് നിർദേശം പുറത്തിറക്കിയതെന്നാണ് മന്ത്രി അറിയിച്ചത്.
മാർച്ച് ഒന്നിനാണ് ജനറേറ്റീവ് എഐ മോഡലുകളും അൽഗൊരിതവും ജനങ്ങൾക്കിടയിൽ പരീക്ഷിക്കുന്നുണ്ടെങ്കിൽ അതിന് സർക്കാരിന്റെ അനുമതി നേടിയിരിക്കണം എന്നതുൾപ്പടെയുള്ള നിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കിയത്. എന്നാൽ ഈ മാർഗനിർദേശങ്ങൾ വലിയ കമ്പനികളെ ഉദ്ദേശിച്ചുള്ളതാണെന്നും സ്റ്റാർട്ട് അപ്പുകളെ ബാധിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. സർക്കാരിൽ നിന്ന് അനുമതി തേടുന്നതും, ലേബലിങ്, ഉപഭോക്താക്കളുടെ സമ്മതം എന്നിവ അടിസ്ഥാനമാക്കി വിവരങ്ങൾ വെളിപ്പെടുത്തൽ എന്നിവയെല്ലാം കമ്പനികളെ സംബന്ധിച്ച് ഒരു ഇൻഷുറൻസ് പോളിസിയാണെന്നും അല്ലാത്തപക്ഷം പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഉപഭോക്താക്കൾക്ക് പരാതി നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
എഐ മോഡലുകളും, അൽഗൊരിതവും ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സർക്കാരിൽ നിന്ന് അനുമതി തേടിയിരിക്കണം എന്ന് മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിരുന്നത്. ഈ എഐ മോഡലുകളിൽ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ഹോസ്റ്റ് ചെയ്യൽ, പ്രദർശിപ്പിക്കൽ, അപ് ലോഡ് ചെയ്യൽ, പ്രസിദ്ധീകരിക്കൽ, കൈമാറ്റം ചെയ്യൽ, ശേഖരിക്കൽ, മാറ്റങ്ങൾ വരുത്തൽ, പങ്കുവെക്കൽ, അപ്ഡേറ്റ് ചെയ്യൽ എന്നിവ സംഭവിക്കില്ലെന്ന് പ്ലാറ്റ്‌ഫോമുകൾ ഉറപ്പുവരുത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

