കിരാതമായ അനീതിക്കു ഒരു കലാലയം മുഴുവൻ കൂട്ടുനിന്നത് കേരളത്തിന് അപമാനം; എം എൻ കാരശേരി

അബുദാബി: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ പ്രതികരണവുമായി സാഹിത്യകാരൻ എം എൻ കാരശേരി. സിദ്ധാർഥനെ മൂന്നോ നാലോ ദിവസം നിരന്തരം പീഡിപ്പിച്ച് കൊലപ്പെടുത്തിയത് വൈസ് ചാൻസലർ, ഡീൻ, ഹോസ്റ്റൽ വാർഡൻ തുടങ്ങിയവർ അറിഞ്ഞില്ലെങ്കിൽ അവർ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് അദ്ദേഹം പറഞ്ഞു. അബുദാബിയിലെത്തിയ അദ്ദേഹം ഒരു മലയാള സ്വകാര്യ മാദ്ധ്യമത്തിൽ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുറ്റകരമായ ഉദാസീനതയാണ് കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. സിദ്ധാർഥന്റെ രക്ഷിതാക്കളെ അറിയിക്കാൻ ഒരു വിദ്യാർഥിക്കും തോന്നാതിരുന്നതും ഖേദകരമായി. പ്രതികളുടെ അറസ്റ്റ് വൈകിയത് അവർ എസ്എഫ്‌ഐക്കാരായത് കൊണ്ടാണ്. വൈസ് ചാൻസലർക്കെതിരെ ഗവർണർ സ്വീകരിച്ച നടപടിയോട് യോജിക്കുന്നു. എന്നാൽ ഗവർണർ അധികാരം വിനിയോഗിച്ചത് എതിർത്ത മന്ത്രി ചിഞ്ചുറാണിയുടെ നടപടി ശരിയായില്ല. കുറ്റവാളികൾക്ക് സർക്കാർ സംരക്ഷണം ഉള്ളതിന്റെ തെളിവാണ് ചിഞ്ചുറാണിയുടെ നിലപാട്. സിപിഎം നേതാവ് സി കെ ശശീന്ദ്രൻ പ്രതികൾക്കുവേണ്ടി വക്കാലത്തുമായി ചെന്നതും പ്രതിഷേധാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കിരാതമായ അനീതിക്കു ഒരു കലാലയം മുഴുവൻ കൂട്ടുനിന്നത് കേരളത്തിന് അപമാനമാണ്. റാഗിങ് ഇല്ലാതാക്കാൻ സാധിക്കാതിരുന്ന എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ്, എബിവിപി, എഐഎസ്എഫ് തുടങ്ങിയ എല്ലാ വിദ്യാർഥി സംഘടനകളും മറുപടി പറയണം.അക്രമികൾക്ക് മൗനാനുവാദം കൊടുത്ത അധ്യാപകർ, ഡീൻ, വൈസ് ചാൻസലർ എന്നിവർക്കെതിരെ കേസ് എടുക്കണമെന്നും കാരശേരി ആവശ്യപ്പെട്ടു.

വിദ്യാർഥി രാഷ്ട്രീയം അക്രമവും സ്വജന പക്ഷപാദവും പരിശീലിപ്പിക്കാനുള്ളതല്ല. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ സർക്കാർ ചെയ്തുകൊടുത്തുവെന്ന് നമുക്കറിയാം. ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻ മരിച്ചപ്പോൾ വലിയൊരു മഹാത്മാവ് മരിച്ചതുപോലുള്ള പ്രാധാന്യമാണ് പാർട്ടി കൊടുത്തത്. ജയിൽ നിന്ന് ഇറങ്ങിയ കുറ്റവാളിയുടെ കല്യാണത്തിൽ പങ്കെടുത്തയാളാണ് അന്നത്തെ തലശ്ശേരി എംഎൽഎയും ഇന്നത്തെ സ്പീക്കറുമായ ഷംസീർ. ഇതെല്ലാം മോശം സന്ദേശമാണ് സമൂഹത്തിന് നൽകുക. വിവിധ ജാതിക്കാർക്കും പാർട്ടിക്കാർക്കും വ്യത്യസ്ത നിയമം വച്ചുപുലർത്തുന്നതിനെയാണ് ഫാഷിസമെന്ന് പറയുക. ജനാധിപത്യത്തെ കോമാളിവേഷം കെട്ടിക്കുന്ന പണിയാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.