ഇന്ത്യൻ ബഹിരാകാശ നിലയം; കുറച്ച് വർഷങ്ങൾക്കുള്ളിൽ ആദ്യ മൊഡ്യൂളുകൾ വിക്ഷേപിക്കാനാകുമെന്ന് ഐഎസ്ആർഒ മേധാവി

ന്യൂഡൽഹി: വരുന്ന കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂളുകൾ വിക്ഷേപിക്കാനാകുമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. എത്രയും വേഗം ബഹിരാകാശ നിലയം യാഥാർഥ്യമാക്കുന്നതിനുള്ള ജോലികൾ ഐഎസ്ആർഒ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം 2035 ഓടുകൂടി പ്രവർത്തനമാരംഭിക്കാനുള്ള ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇതിന് ആവശ്യമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ജോലികൾ നേരത്തെ തന്നെ ഐഎസ്ആർഒ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ബഹിരാകാശ നിലയം സ്ഥാപിക്കുകലോ എർത്ത് ഓർബിറ്റിലാണ്. ഈ ബഹിരാകാശ നിലയം അറിയപ്പെടുക ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്നായിരിക്കും. രണ്ട് മുതൽ നാല് പേർക്ക് വരെ തുടക്കത്തിൽ ഇവിടെ കഴിയാൻ സാധിക്കും. ബഹിരാകാശ നിലയത്തിന്റെ തുടക്കത്തിലുള്ള ഭാരം 20 ടൺ ആയിരിക്കും. പിന്നീട് വിവിധ ഭാഗങ്ങൾ കൂട്ടിചേർക്കുന്നതോടെ 400 ടൺ ആയി ഇത് വർധിക്കും.

ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞാൽ ആ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ബഹിരാകാശ നിലയത്തിന്റെ ഒരറ്റത്ത് ഡോക്കിങ് പോർട്ട് ആയിരിക്കും. യാത്രികർ സഞ്ചരിക്കുന്ന ക്രൂ മോഡ്യൂൾ ഇവിടെയാണ് ബന്ധിപ്പിക്കുക. ഈ ഡോക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഡോക്കിങ് പോർട്ടിന് സമാനമായിരിക്കുമെന്ന് വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ഡോ ഉണ്ണികൃഷ്ണൻ നായരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ നിർമിത എൻവയൺമെന്റൽ ലൈഫ് സപ്പോർട്ട് ആന്റ് കൺട്രോൾ സിസ്റ്റം ആയിരിക്കും പ്രധാന മോഡ്യൂളിൽ ഉണ്ടാവുക. ഓക്സിജൻ ഉല്പാദിപ്പിക്കുന്നതിനും കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുന്നതിനും ഈർപ്പം നിലനിർത്തുന്നതിനും വേണ്ടിയുള്ളതാണിത്. ആദ്യം വിക്ഷേപിക്കുന്ന മോഡ്യൂളിൽ രണ്ട് വലിയ സോളാർ പാനലുകളാണുണ്ടാവും.