കൊൽക്കത്ത: വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് സഹായിക്കുന്ന 14 ശുപാർശകൾ അടങ്ങിയിരിക്കുന്ന റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ച് പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ്. വന്യജീവി ആക്രമണം വർദ്ധിച്ചുവരുന്ന വനമേഖലകളിൽ അടിയന്തരമായി ക്യാരിയിങ് കപ്പാസിറ്റി പഠനം നടത്തണമെന്ന് അദ്ദേഹം ശുപാർശ ചെയ്യുന്നു. ഓരോ വനമേഖലയും ഉൾക്കൊള്ളാൻ കഴിയുന്ന വന്യജീവികളുടെ എണ്ണത്തിന് പരിധിയുണ്ട്. ഈ പരിധി കവിയുമ്പോഴാണ് മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത്. ഈ സാഹചര്യത്തിൽ പരിധിക്ക് അപ്പുറമുള്ള മൃഗസമ്പത്തിന് കാട്ടിനുള്ളിൽ തന്നെ സുസ്ഥിരമായ രീതിയിൽ വിന്യസിക്കാനുള്ള മാർഗങ്ങൾ പലതുണ്ടെന്നും എത്രയും വേഗം അവ സ്വീകരിക്കണമെന്നും സി വി ആനന്ദ ബോസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വന്യമൃഗ സംരക്ഷണ വകുപ്പ് തലവനായി സി വി ആനന്ദ ബോസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മൃഗങ്ങളെ അകറ്റാനുള്ള താൽക്കാലിക മാർഗം എന്ന നിലയിൽ സ്ട്രോബ് ലൈറ്റുകൾ സ്ഥാപിക്കുക, മതിയായ തോതിൽ വൈദ്യുത വേലികൾ സ്ഥാപിക്കുക, മൃഗങ്ങളുടെ പ്രത്യേകിച്ച് കടുവകളുടെ ആക്രമണ സ്വഭാവം പരിഗണിച്ച് സംരക്ഷണ മാസ്കുകൾ ധരിക്കുക, വന്യജീവികളുടെ ഇടനാഴികൾ ശാസ്ത്രീയമായ രീതിയിൽ ഏർപ്പെടുത്തുക, ജിപിഎസ് മാപ്പിങ് കോളറും ജിഐഎസ് സോഫ്റ്റ് വെയറും ആവശ്യാനുസരണം ഉപയോഗപ്പെടുത്തുക, വന്യ മൃഗങ്ങളുടെ പെരുമാറ്റ രീതിയെ കുറിച്ചും അവയിൽനിന്ന് രക്ഷനേടാനുള്ള മാർഗങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കുന്ന രീതിയിൽ പഠന പ്രചാരണങ്ങൾ നടത്തുക തുടങ്ങിയ ശുപാർശകളാണ് അദ്ദേഹം മുന്നോട്ട് വച്ചിരിക്കുന്നത്.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണം സംഭവിച്ചവർക്കും വിളകൾ നഷ്ടപ്പെട്ടവർക്കും ഉടനടി നഷ്ടപരിഹാരവും സാമ്പത്തിക സഹായവും നൽകുക, മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തെ ഫലപ്രദമായി നേരിടാൻ ഒരു റിസ്ക് ഫണ്ട് രൂപീകരിക്കുക, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുക, മനുഷ്യ- വന്യമൃഗ സംഘർഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങളിൽ നിന്ന് തെളിവെടുത്ത് ഉചിതമായ നടപടികൾ ശുപാർശ ചെയ്യാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുക, പരമ്പരാഗതമായ സംരക്ഷണ രീതികളും സുരക്ഷാ ഉപകരണങ്ങളും പ്രോത്സാഹിപ്പിക്കുക, വനഭൂമി മൃഗങ്ങൾക്ക് അന്യമാകാതെ നോക്കാനും കർഷകരുടെ വിളകൾ വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഉതകുന്ന രീതിയിൽ ഭൂവിനിയോഗം ക്രമപ്പെടുത്തുക, അതിനായി ജനപങ്കാളിത്തത്തോടെ ദീർഘകാല പദ്ധതി തയ്യാറാക്കുക, സംഘർഷ സാധ്യതയുള്ള വനമേഖലകളിൽ ഡ്രോണുകൾ പോലെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് വ്യോമ നിരീക്ഷണം ശക്തമാക്കുക. സർക്കാരിന്റെ പദ്ധതികൾ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുക എന്ന നില മാറി ജനങ്ങളുടെ പദ്ധതികൾ സർക്കാർ പങ്കാളിത്തത്തോടെ നടപ്പാക്കുക എന്ന ശൈലി സ്വാംശീകരിക്കുക എന്നിവയാണ് അദ്ദേഹം നൽകിയിരിക്കുന്നത് മറ്റ് നിർദ്ദേശങ്ങൾ.

