ന്യൂഡൽഹി: ബെംഗളൂരു വൈറ്റ്ഫീൽഡ് രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനത്തിന്റെ അന്വേഷണം ഏറ്റെടുത്ത് ദേശീയ അന്വേഷണ ഏജൻസി. കേസ് എൻഐഎയ്ക്ക് കൈമാറിയത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്. ബെംഗളൂരു പൊലീസും സെൻട്രൽ ക്രൈംബ്രാഞ്ചുമാണ് സംഭവം അന്വേഷിച്ചിരുന്നത്.
അതേസമയം, അക്രമി കഫേയ്ക്ക് സമീപം ബസിൽ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അക്രമിയുടെ മുഖം തൂവാല ഉപയോഗിച്ച് മറച്ച നിലയിലാണ്. വെള്ളിയാഴ്ച്ചയാണ് രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്നത്. 10 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു. സ്‌ഫോടനം നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് സിസിടിവി ക്യാമറയിൽ പതിഞ്ഞ ആളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
തൊപ്പിയും കണ്ണടയും ധരിച്ച ആൾ മുഖം മറച്ചിട്ടുണ്ടായിരുന്നു. വാഹനങ്ങൾ പോകുന്ന തിരക്കുള്ള റോഡിലേയ്ക്ക് ഒരു ബാഗുമായി ഇയാൾ നടന്നു വരുന്ന ദൃശ്യങ്ങൾ സിസിടിവിയുണ്ട്. ഇടയ്ക്കിടെ ഇയാൾ വാച്ചിൽ നോക്കുന്നതും വളരെ തിടുക്കപ്പെട്ട് നടന്നു പോകുന്നതും വീഡിയോയിൽ ദൃശ്യമാണ്.
സ്‌ഫോടനത്തിന് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി ബംഗളൂരു മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. ടൈമർ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ കുറ്റമറ്റ അന്വേഷണം ഉറപ്പുവരുത്തണമെന്ന് സിദ്ധരാമയ്യ നിർദേശം നൽകിയിരുന്നു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് രാമേശ്വരം കഫേ സിഇഒ രാഘവേന്ദ്ര റാവു വ്യക്തമാക്കിയത്.

