മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം ലഭിച്ചു; സർക്കാർ ജീവനക്കാർ രണ്ടാം ദിനവും ശമ്പളത്തിനായി കാത്തിരിപ്പിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കുള്ള ശമ്പള വിതരണം ഇന്നും നടത്താൻ കഴിഞ്ഞില്ല. സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനായി അടിയന്തരമായി പണം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് ധനവകുപ്പ്. രണ്ടാം ദിവസമായിട്ടും ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ വലിയ അതൃപ്തിയിലാണ്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കും ശമ്പളം നൽകിയിട്ടില്ല. എന്നാൽ, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം ലഭിച്ചു.

ആദ്യദിനം ശമ്പളം കിട്ടേണ്ടിയിരുന്നത് 97,000 പേർക്കാണ് ഇനി തിങ്കളാഴ്ചയേ പണം ലഭിക്കൂ എന്നാണ് ട്രഷറിയിൽ നിന്ന് ലഭിക്കുന്ന വിവരം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഫണ്ട് ട്രഷറിയിലേക്ക് നിക്ഷേപിക്കാൻ നിർദേശം നൽകി. സർക്കാർ ജീവനക്കാരിൽ സെക്രട്ടേറിയറ്റ്, റവന്യൂ, പൊലീസ്, എക്‌സൈസ്, പൊതുമരാമത്ത്, ട്രഷറി, ജിഎസ്ടി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർക്കാണ് ആദ്യദിവസം ശമ്പളം ലഭിക്കുന്നത്. അധ്യാപകർക്കാണ് ഇന്നു ശമ്പളം ലഭിക്കേണ്ടത്. 5 ലക്ഷം പെൻഷൻകാരുടെ പണം ഇന്നലെ കൈമാറി. ഇന്ന് പണം പിൻവലിക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം, ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്നു സെക്രട്ടറിയറ്റിലേക്ക് മാർച്ച് നടത്തും. ലാൻഡ് റവന്യൂ, എക്‌സൈസ്, വെഹിക്കൾ ടാക്‌സ്, സെയിൽ ടാക്‌സ്, മറ്റg നികുതി വിഭാഗങ്ങൾ, ചീഫ് ഇലക്ട്രൽ ഇൻസ്പക്ട്രേറ്റ്, സ്റ്റാംപ്‌സ്, റജിസ്‌ട്രേഷൻ, നിയമസഭ, ഇലക്ഷൻ, പൊതുഭരണവകുപ്പിനു കീഴിൽവരുന്ന സ്ഥാപനങ്ങൾ, നീതിന്യായവകുപ്പ്, ജയിൽ, പൊലീസും ഫയർഫോഴ്‌സും, സ്റ്റേഷനറി ആൻഡ് പ്രിന്റിങ്, ഇൻഷുറൻസ്, ചെക്കുകൾ നൽകുന്ന എല്ലാ വകുപ്പുകളും, ഹരിജൻ വെൽഫെയർ, മുനിസിപ്പാലിറ്റീസ്, ജല ഗതാഗതം തുടങ്ങിയവയ്ക്കാണ് മാസത്തിലെ ആദ്യ ദിനം ശമ്പളം ലഭിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ്, മെഡിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് എന്നിവയ്ക്ക് രണ്ടാം ദിവസവും കൃഷി, ഫിഷറീസ്, അനിമൽ ഹസ്ബൻഡറി, സഹകരണം, വ്യവസായം, സയന്റിഫിക് ഡിപ്പാർട്ട്‌മെന്റുകൾ, ലേബർ, റൂറൽ ഡെവലെപ്‌മെന്റ്, സ്റ്റാറ്റിസ്റ്റിക്‌സ്, പോർട്ട്, സിവിൽ സപ്ലൈസ്, ഡയറി ഡെവലെപ്‌മെന്റ് എന്നിവയ്ക്ക് മൂന്നാം ദിവസവും ശമ്പളം ലഭിക്കും.