കല്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ. ജെ എസ് സിദ്ധാർത്ഥിനെ ആക്രമിച്ച 19 വിദ്യാർത്ഥികൾക്ക് മൂന്നുവർഷത്തെ പഠനവിലക്ക് ഏർപ്പെടുത്തി. പൂക്കോട് വെറ്ററിനറി കോളേജ് ആന്റി റാഗിംഗ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്, ഇനി രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ ഇവർക്ക് പഠിക്കാനാവില്ല.
ഇതിനിടെ സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐക്കാരായ നാല് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.. മലപ്പുറം സ്വദേശിയും നാലാംവർഷ വിദ്യാർത്ഥിയുമായ അമീൻ അക്ബർ അലി കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു. ഇയാളുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തി. 11 പേരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കേസിൽ നാല് പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പതിനഞ്ചോളം പേരെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. കേസ് അന്വേഷണം നടത്തുന്നത് കൽപ്പറ്റ ഡിവൈഎസ്പി ടി എൻ സജീവന്റെ നേതൃത്വത്തിൽ 24 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

