എറണാകുളം: വയനാട് പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലെ വിദ്യാർഥി സിദ്ധാർഥൻ മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ട്വന്റി20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ്. സിദ്ധാർത്ഥൻ ക്യാംപസ് രാഷ്ട്രീയത്തിന്റെ ഇരയാണെന്നും കേരളത്തിലെ ക്യാംപസുകളിൽ ഉടൻ രാഷ്ട്രീയം നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്യാംപസ് രാഷ്ട്രീയത്തിന്റെ പിൻബലത്തിലാണ് സിദ്ധാർഥനെ മൃഗീയമായി പീഡിപ്പിക്കാൻ ക്രിമിനലുകൾക്ക് ധൈര്യം ലഭിച്ചത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിലെ നിലവാരത്തകർച്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് ക്യാംപസ് രാഷ്ട്രീയമാണ്. ലോകത്തെ മുൻനിര സർവകലാശാലകളിലൊന്നും രാഷ്ട്രീയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് കേരളത്തിലുള്ളത് കുറ്റവാളികളെ സംരക്ഷിക്കുന്ന രാഷ്ട്രീയ – ഭരണ സംവിധാനമാണ്. ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനു മടിയില്ലാത്തവരായി ഇവിടുത്തെ കൗമാരക്കാരും വിദ്യാർഥികളും മാറിയിരിക്കുന്നു. മനുഷ്യരെ പട്ടികകൊണ്ടും ചെടിച്ചട്ടികൊണ്ടും അടിച്ചുകൊല്ലാൻ ശ്രമിക്കുന്നവരെ ‘രക്ഷാപ്രവർത്തകരെ’ന്ന് വിളിച്ചു പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിൽ ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.

