നമ്മുടെ മൊബൈൽ ഫോൺ എപ്പോഴെങ്കിലും വെള്ളത്തിൽ വീഴുകയോ നനയുകയോ ചെയ്യുകയാണെങ്കിൽ ഉടൻ അത് അരിക്കലത്തിൽ ഇട്ട് വെയ്ക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇത് തെറ്റായ ശീലമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രമുഖ ടെക് കമ്പനിയായ ആപ്പിൾ. ഈർപ്പം പെട്ടെന്ന് വലിച്ചെടുക്കുമെന്ന് കരുതി ഇനി ആരും ഫോൺ അരിക്കലത്തിൽ ഇട്ടുവെയ്ക്കരുതെന്നാണ് ആപ്പിൾ പറയുന്നത്. ഐഫോൺ ഉപയോക്താക്കൾക്കാണ് കമ്പനി ഇത്തരമൊരു മാർഗനിർദേശം നൽകിയിരിക്കുന്നത്.
ഫോണിന് ഇത് കൂടുതൽ പ്രശ്‌നമായേക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഫോൺ അരിപ്പാത്രത്തിൽ ഇടുമ്പോൾ ചെറുതരികൾ ഉള്ളിൽക്കടന്ന് ഐഫോണിന് കേടുവരുത്തിയേക്കാം. കൂടാതെ ഫോൺ ഉണക്കാൻ ഹെയർ ഡ്രയറുകൾ, കംപ്രസ്ഡ് എയർ ബ്ലോവറുകൾ പോലുള്ളവ ഉപയോഗിക്കരുതെന്നും ആപ്പിൾ ആവശ്യപ്പെട്ടു. കണക്ടറിലേക്ക് പേപ്പർ ടവലോ കോട്ടൺ ബഡോ തിരുകി കയറ്റരുതെന്നും നിർദ്ദേശമുണ്ട്. നനവുള്ളപ്പോൾ കേബിൾ കണക്ട് ചെയ്താൽ ഫോണിൽ മുന്നറിയിപ്പ് കാണിക്കും. ഇത്തരം സാഹചര്യങ്ങളിൽ കേബിൾ വേർപെടുത്തുകയും ഉണങ്ങുന്നത് വരെ കാത്തിരിക്കുയും വേണം.
ഫോൺ നനഞ്ഞിരിക്കുമ്പോൾ ഒരിക്കലും ചാർജ് ചെയ്യരുത്. ഐഫോൺ നനഞ്ഞാൽ അതിലെ പവർ അഡാപ്ടറിൽ നിന്നും കേബിൾ വേർപെടുത്താൻ ശ്രദ്ധിക്കണം. കണക്ടർ താഴേക്ക് വരും വിധം ഫോൺ പിടിച്ച് കയ്യിൽ പതിയേ തട്ടിയാൽ ബാക്കിയുള്ള വെള്ളം പുറത്തുവരും. വായു സഞ്ചാരമുള്ള ഇടത്ത് ഫോൺ ഉണങ്ങാൻ വെച്ച് 30 മിനിറ്റിന് ശേഷം ചാർജ് ചെയ്യാൻ ശ്രമിക്കാവുന്നതാണ്. ലിക്വിഡ് ഡിറ്റക്ഷൻ മുന്നറിയിപ്പ് അപ്പോഴും കാണുന്നുവെങ്കിൽ വെള്ളം മുഴുവനായി പോയിട്ടില്ലെന്നാണ് അർത്ഥം. മുഴുവനായി വെള്ളം ഉണങ്ങാൻ 24 മണിക്കൂറെങ്കിലും വേണ്ടിവന്നേക്കാം. ഫോൺ ഉണങ്ങിയിട്ടും ചാർജ് ആവുന്നില്ലെങ്കിൽ, ചാർജർ അഡാപ്ടറിലേയും കേബിളിലേയും നനവ് പോയിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തണം. ചാർജർ കേബിളും അഡാപ്ടറും ഫോണും ഉണങ്ങിയിട്ടും ചാർജ് ആവുന്നില്ലെങ്കിൽ ആപ്പിൾ സപ്പോർട്ടിനെ ബന്ധപ്പെടണമെന്നും കമ്പനി ആവശ്യപ്പെട്ടു.

