തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മരണപ്പെട്ട രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ വീട് സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ സന്ദേശം അദ്ദേഹം സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചു. സർക്കാർ സിദ്ധാർത്ഥിന്റെ കുടുംബത്തോടൊപ്പം ആണെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.
സംഭവത്തിന് പിന്നിൽ ഉള്ളവർ ആരാണെങ്കിലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. യാതൊരുവിധ രാഷ്ട്രീയ താൽപര്യവും ഇക്കാര്യത്തിൽ പരിഗണിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
റാഗിംഗ് ഒരുതരത്തിലും അനുവദിക്കാവുന്നതല്ല, അത് മനുഷ്യത്വത്തോടുള്ള ക്രൂരതയാണെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. അതേസമയം, സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വെറ്ററിനറി കോളേജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതുവരെ പത്ത് പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

