ബെംഗളൂരു: ബെംഗളൂരുവിലെ കുന്ദലഹള്ളിയിലുള്ള രാമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണിതെന്നാണ് സംശയിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.
വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫേയിലാണ് സ്‌ഫോടനം നടന്നത്.എന്താണ് സംഭവിച്ചത് എന്ന് വിശദമായി പരിശോധിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഐഇഡി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ടെന്നും സിസിടിവി അടക്കം വിശദമായി പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കഫേയിൽ സ്‌ഫോടനം നടന്നത്. കഫേയിലെ മൂന്നുജീവനക്കാർ ഉൾപ്പടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ പരിശോധനയിലാണ് അങ്ങനെയല്ലെന്ന് പൊലീസ് കണ്ടെത്തിയത്.

