ലോക്‌സഭാ തെരഞ്ഞെടുപ്പ്; തിരുവനന്തപുരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്. ഇത്തവണയും ശശി തരൂർ തന്നെയാണ് തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി. സമരാഗ്‌നി വേദിയിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് പ്രഖ്യാപനം നടത്തിയത്.

തിരുവനന്തപുരത്ത് ഇടത് സ്ഥാനാർഥിയായി സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനാണ് മത്സരിക്കുന്നത്. എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുക കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറായിരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ ബിജെപി ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, എൽഡിഎഫ് 20 മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥി പ്രഖ്യാപനം നടത്തി കഴിഞ്ഞു. യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി. ഉടൻ സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് കടക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. 16 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുക. യുഡിഎഫിൽ മുസ്ലിം ലീഗ് രണ്ടു സീറ്റുകളിലും കൊല്ലത്ത് ആർഎസ്പിയും കോട്ടയത്ത് കേരള കോൺഗ്രസും മത്സരിക്കും.