വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം; ത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ ക്രൂരമായ റാഗിംഗിനെ തുടർന്ന് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സിദ്ധാർത്ഥൻ അതിക്രൂരമായ മർദ്ദനത്തിനിരയായിട്ടും എന്തുകൊണ്ടാണ് സഹവിദ്യാർത്ഥികൾ എതിർ ശബ്ദമുയർത്താതിരുന്നതെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഇതിനുമുമ്പും പല വിദ്യാർത്ഥികൾക്കും സിദ്ധാർത്ഥന് ഉണ്ടായതിന് സമാനമായ ക്രൂരമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇക്കാര്യങ്ങൾ പുറത്തു പറഞ്ഞാൽ ജീവനോടെ ഇരിക്കില്ലെന്ന ഭീഷണിയെ തുടർന്നാണ് പല വിദ്യാർത്ഥികളും വിവരങ്ങളൊക്കെ പുറത്ത് പറയാതിരുന്നത്. ഡ്രാഗൺ വിവരം പുറത്ത് പറഞ്ഞാൽ തലയുണ്ടാകില്ലെന്ന് ആയിരുന്നു പ്രതികളുടെ ഭീഷണി. ഇത് ഭയന്നാണ് പലരും വിവരം പുറത്തു പറയാതിരുന്നത്.

മൃഗീയമായ വിചാരണയായിരുന്നു സിദ്ധാർത്ഥന് ക്യാമ്പസിനുള്ളിൽ അനുഭവിക്കേണ്ടിവന്നത്. 130 കുട്ടികളുള്ള ഹോസ്റ്റലിൽ ആയിരുന്നു സിദ്ധാർത്ഥൻ പരസ്യ വിചാരണ നേരിട്ടത്. വിദ്യാർത്ഥികൾക്കിടയിൽ വച്ച് സിദ്ധാർത്ഥൻ ക്രൂരത നേരിട്ടപ്പോൾ അടുത്ത സുഹൃത്തുക്കൾ പോലും സഹായിക്കാൻ എത്തിയില്ല. ഇത് സിദ്ധാർത്ഥനെ മാനസികമായി ഏറെ തളർത്തിയിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ ആരും പ്രതികരിക്കരുത് എന്നാണ് വെറ്റിനറി കോളേജിലെ അലിഖിത നിയമമെന്നാണ് പുറത്തുവരുന്ന വിവരം.

അതിക്രൂരമായ മർദ്ദനത്തേതുടർന്ന് ശാരീരികവും മാനസികവുമായി അവശനായ സിദ്ധാർത്ഥൻ പിന്നീട് ജീവനൊടുക്കുകയായിരുന്നു.