സന്ദേശ്ഖാലി; ഷാജഹാൻ ശൈഖിനെ സസ്പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ നടന്ന അതിക്രമങ്ങളിൽ മുഖ്യപ്രതിയായ ഷാജഹാൻ ശൈഖിനെ സസ്പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്. ആറുവർഷത്തേക്കാണ് സസ്‌പെൻഷൻ. കേസുമായി ബന്ധപ്പെട്ട് ഷാജഹാൻ ശൈഖിനെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. പാർട്ടിയിൽ വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളിൽ നിന്നും ഷാജഹാനെ നീക്കും. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, ഭൂമി കൈയേറ്റം തുടങ്ങിയ ആരോപണങ്ങളാണ് ഷാജഹാൻ ശൈഖിനും കൂട്ടാളികൾക്കുമെതിരെയുള്ളത്.

അറസ്റ്റിലായ നേതാവിനെ സസ്പെൻഡ് ചെയ്താണ് തൃണമൂൽ കോൺഗ്രസ് രാഷ്ട്രീയ പ്രതിപദ്ധത കാണിച്ചതെന്നും ഇതിന് ബിജെപി സർക്കാരും തയ്യാറാകണമെന്നും തൃണമൂൽ നേതാക്കൾ വ്യക്തമാക്കി. ലൈംഗിക ആരോപണം നേരിടുന്ന ബ്രിജ്ഭൂഷണെ സസ്പെൻഡ് ചെയ്യാൻ ബിജെപി തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ നടന്ന അതിക്രമങ്ങളിൽ മുഖ്യപ്രതിയായ തൃണമൂൽ നേതാവ് ശൈഖ് ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കൽക്കട്ട ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രതിയുടെ അറസ്റ്റിനും മറ്റു നടപടികൾക്കും സ്റ്റേയില്ല. എഫ്ഐആറിൽ ശൈഖ് ഷാജഹാന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തീർച്ചയായും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു. സന്ദേശ്ഖാലിയിലെ തൃണമൂൽ നേതാവായ ശൈഖ് ഷാജഹാനും കൂട്ടാളികൾക്കും എതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരുന്നത്. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഭൂമി കൈയേറിയെന്നുമാണ് ഷാജഹാനെതിരെയുള്ള പരാതി.