സ്ത്രീകൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ; പ്രകടന പത്രികയിൽ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികൾ നടപ്പാക്കി സർക്കാർ

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികൾ കൂടി നടപ്പിലാക്കി തെലങ്കാന സർക്കാർ. സ്ത്രീകൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ നൽകുന്ന മഹാലക്ഷ്മി പദ്ധതിയും ഒരു മാസം ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതിയുമാണ് തെലങ്കാനയിൽ പ്രാബല്യത്തിൽ വന്നത്. മഹാലക്ഷ്മി സ്‌കീമിന്റെ ഗുണഫലം സംസ്ഥാനത്തെ 40 ലക്ഷം സ്ത്രീകൾക്ക് ലഭിക്കും. വെള്ള റേഷൻ കാർഡ് ഉടമകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

ഡിസംബർ 28 നും ജനുവരി 6 നും ഇടയിൽ നടന്ന പ്രജാപാലനത്തിൽ അപേക്ഷ സമർപ്പിച്ചവർക്കാണ് റീഫില്ലിന് 500 രൂപ നിരക്കിൽ എൽപിജി ഗാർഹിക സിലിണ്ടർ വിതരണം ചെയ്യുക. കഴിഞ്ഞ മൂന്ന് വർഷത്തെ ശരാശരി സിലിണ്ടർ ഉപഭോഗം പരിശോധിച്ചാണ് എത്ര സിലിണ്ടറുകൾ നൽകണമെന്ന് തീരുമാനിക്കുക. പ്രജാപാലന പോർട്ടൽ വഴിയാണ് സിലിണ്ടർ വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. സ്ത്രീ ശാക്തീകരണം, പുക രഹിത പാചകം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മഹാലക്ഷ്മി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

പദ്ധതിയുടെ ഭാഗമായി ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് (ഒഎംസി) സംസ്ഥാന സർക്കാർ ആവശ്യമായ തുക മുൻകൂറായി പ്രതിമാസം കൈമാറും. അർഹരായവർക്കെല്ലാം പദ്ധതിയുടെ ഗുണഫലം ഉറപ്പാക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി. ആനുകൂല്യം ലഭിക്കുന്നതിന് തങ്ങളെ സമീപിക്കുന്ന ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷനും ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള കൗണ്ടറുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഗൃഹജ്യോതി പദ്ധതിയെക്കുറിച്ച് ഊർജ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇടം നൽകാതെ സുതാര്യമായി പദ്ധതി നടപ്പാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വെള്ള റേഷൻ കാർഡുള്ളവരും ഗാർഹിക ആവശ്യങ്ങൾക്ക് പ്രതിമാസം 200 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരുമായ എല്ലാവർക്കും ആനുകൂല്യം ലഭിക്കും. ഗൃഹജ്യോതി പദ്ധതിയിലെ അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും മാർച്ച് ആദ്യവാരം മുതൽ ‘സീറോ’ വൈദ്യുതി ബില്ലുകൾ വിതരണം ചെയ്യും.