നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി തള്ളി ഹൈക്കോടതി. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് ഹർജിയിൽ വിധി പ്രസ്താവം നടത്തിയത്. നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാരോപിച്ചാണ് സർക്കാർ കോടതിയിൽ ഹർജി നൽകിയത്.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ആദ്യം വിചാരണ കോടതിയെ സമീപിച്ചിരുന്നു. കോടതി ഇത് തള്ളിയ സാഹചര്യത്തിലാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും മുൻപ് പലതവണ കോടതി ഈ ആവശ്യം തള്ളിയതാണെന്നും വ്യക്തമാക്കി ദിലീപ് ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.

256 പ്രോസിക്യൂഷൻ സാക്ഷികളെ വിചാരണക്കോടതി ഇതിനകം വിസ്തരിച്ചു കഴിഞ്ഞു. ഇനി വിസ്തരിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥൻ, ഫൊറൻസിക് ലാബിലെ ജോയിന്റ് ഡയറക്ടർ എന്നിവരെ താൻ സ്വാധീനിക്കുമെന്ന് കരുതുന്നത് ന്യായമല്ലെന്നും നടൻ അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് അതിജീവിതയ്ക്ക് നൽകാൻ അടുത്തിടെ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ജസ്റ്റിസ് കെ ബാബുവാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.