ടി പി വധക്കേസ് പ്രതികൾക്ക് വധശിക്ഷ ഇല്ല; ശിക്ഷ ഉയർത്തിയതായി ഹൈക്കോടതി

കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികൾക്ക് വധശിക്ഷ ഇല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. എന്നാൽ പ്രതികളുടെ ശിക്ഷ കോടതി ഉയർത്തി. കേസിൽ പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ കെ കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണ്.

ആറ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തമാണ് ശിക്ഷയായി നൽകിയിരിക്കുന്നത്. 1 മുതൽ 5 വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കുമാണ് ഇരട്ട ജീവപര്യന്തം. ഇവർക്ക് നേരത്തേ ജീവപര്യന്തം തടവ് ശിക്ഷയാണ് നൽകിയത്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.

ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയ്ക്ക് 7 ലക്ഷം രൂപയും മകന് 5 ലക്ഷം രൂപയും നൽകണമെന്നും കോടതി ഉത്തരവിട്ടു. കേസിലെ ഒൻപത് പ്രതികൾക്ക് ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ കെ രമ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. അതേസമയംം, കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതിക്രൂരമായ കൊലപാതകത്തിന് ജീവപര്യന്തം അപര്യാപ്തമാണ്. ആർക്ക് വേണ്ടിയും എന്തിന് വേണ്ടിയുമാണ് ടി പിയെ കൊന്നതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. പ്രതികളുടെ ആരോഗ്യപ്രശ്‌നം വധശിക്ഷ ഒഴിവാക്കാനുള്ള കാരണമല്ലെന്നും പ്രോസിക്യൂഷൻ വിശദമാക്കി.