അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടി.

അരവിന്ദ് കെജ്രിവാളിന് എട്ടാം സമൻസ് ആണ് ഇഡി ഇപ്പോൾ നൽകിയിരിക്കുന്നത്. മാർച്ച് നാലിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. ഇഡിയുടെ നോട്ടീസുകൾ നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് കെജ്രിവാൾ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.

ഒട്ടേറെ തവണ കെജ്രിവാളിന്റെ പേര് ഇ ഡി കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വർത്താപ്രചാരണവിഭാഗം ചുമതലയുള്ള വിജയ് നായർ, ചില വ്യവസായികൾ തുടങ്ങിയവരെ കേസുമായി ബന്ധപ്പെട്ട് ഇഡി ഇതുവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

2021-22 വർഷം മദ്യവിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിലാണ് ഇഡി കേസ് അന്വേഷണം നടത്തുന്നത്. പിന്നീട് നയം ഡൽഹി സർക്കാർ പിൻവലിച്ചിരുന്നു.