തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. ചൊവ്വാഴ്ച്ച രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് സ്ഥാനാർത്ഥികളുടെ പേരുകൾ അന്തിമമായി അംഗീകരിച്ചു. തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തലാണെന്ന് അദ്ദേഹം വ്യക്തമാക്കി. സമാന ചിന്തയുള്ള കൂട്ടുകെട്ടുകൾ വളരുന്നതിൽ പ്രതീക്ഷയുണ്ട്. ബിജെപി വിരുദ്ധ വോട്ട് ഏകീകരിക്കാൻ കഴിഞ്ഞാൽ ഇന്ത്യമുന്നണിക്ക് മുന്നിലുള്ളത് വലിയ സാധ്യതയാണ്. സിപിഎമ്മിന് സ്ഥാനാർത്ഥി ക്ഷാമം ഒന്നുമില്ല. മന്ത്രിസഭയിലെ അംഗമായ കെ രാധാകൃഷ്ണൻ മത്സരിക്കുന്നതിൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിക്കുന്നു.
ആറ്റിങ്ങൽ – വി. ജോയി എം.എൽ.എ, കൊല്ലം- എം.മുകേഷ് എം.എൽ.എ, പത്തനംതിട്ട – ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈൻ, ഇടുക്കി – ജോയ്‌സ് ജോർജ്, ചാലക്കുടി – സി.രവീന്ദ്രനാഥ്, ആലത്തൂർ – മന്ത്രി കെ.രാധാകൃഷ്ണൻ, പാലക്കാട് – പി.ബി അംഗം എ.വിജയരാഘവൻ, മലപ്പുറം – വി.വസീഫ്, പൊന്നാനി- കെ.എസ്.ഹംസ, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ഷൈലജ, കണ്ണൂർ – എം.വി.ജയരാജൻ, കാസർകോട് – എം.വി.ബാലകൃഷ്ണൻ എന്നിവരാണ് സ്ഥാനാർഥികൾ.

