തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാന പദ്ധതി ഗഗൻയൗൻ ദൗത്യത്തിൽ പങ്കെടുക്കുന്ന നാല് ബഹിരാകാശ യാത്രികരിൽ ഒരാൾ മലയാളി. ദൗത്യത്തിന് മുന്നോടിയായി ബഹിരാകാശ യാത്രയ്ക്കായി പരിശീലനം തുടരുന്ന നാലുപേരിലാണ് ഒരു മലയാളിയും ഉൾപ്പെടുന്നത്. വ്യോമസേനയിലെ സ്‌ക്വാഡ്രൺ ലീഡർ പദവിയിലുള്ള ഉദ്യോഗസ്ഥനാണെന്നാണ് റിപ്പോർട്ട്. ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്നവരുടെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് പ്രഖ്യാപിക്കും.
ഗഗൻയാൻ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത് മൂന്ന് ബഹിരാകാശ സഞ്ചാരികളെ മൂന്ന് ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച് തിരിച്ചെത്തിക്കുകയാണ്. 2025ൽ പദ്ധതി നടപ്പാക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ദൗത്യത്തിന് മുന്നോടിയായി യന്ത്രവനിത വ്യോമമിത്രയെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പരീക്ഷണ ദൗത്യം ജിഎക്‌സ് 2024 ജൂണിൽ വിക്ഷേപിക്കും. ജി1, ജി2 എന്നീ പരീക്ഷണ വിക്ഷേപണങ്ങൾ കൂടി നടത്തിയ ശേഷമാകും ഗഗൻയാൻ ദൗത്യം.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്‌നിക്കൽ ഏര്യയിൽ രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും. വി.എസ്.എസ്.സിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്രതിരിക്കും. 28ന് ഉച്ചയ്ക്ക് 1.10 ന് തിരുനെൽവേലിയിൽ നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരം വ്യോമസേന ടെക്‌നിക്കൽ ഏര്യയിൽ തിരിച്ചെത്തന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്ക് പോകും.

