സ്ത്രീകളെ മാറ്റിനിർത്താൻ കഴിയില്ല; കോസ്റ്റ് ഗാര്‍ഡ് കേസില്‍ കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ നൽകണമെന്ന ആവശ്യത്തിൽ അന്ത്യശാസനം നൽകി സുപ്രീംകോടതി. സ്ത്രീകളെ മാറ്റിനിർത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിങ്ങൾക്ക് കഴിയില്ലെങ്കിൽ തങ്ങളത് നടപ്പാക്കുമെന്നും കോടതി അറിയിച്ചു. കോസ്റ്റ് ഗാർഡിലെ ഷോർട്ട് സർവീസ് കമ്മീഷനിലുള്ള യോഗ്യരായ വനിതകൾക്ക് സ്ഥിരം കമ്മീഷൻ പദവി നൽകണമെന്നാവശ്യപ്പെട്ട് പ്രിയങ്കാ ത്യാഗി എന്ന ഉദ്യോഗസ്ഥ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

സാങ്കേതികത പറഞ്ഞുള്ള വാദങ്ങൾ 2024-ലും നിലനിൽക്കില്ലെന്നും വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ നൽകുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേന്ദ്രത്തിന് വേണ്ടി വാദിച്ച അറ്റോണി ജനറൽ ആർ വെങ്കിട്ടരമണി ചൂണ്ടിക്കാട്ടി. കോസ്റ്റ് ഗാർഡിനോട് ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെടുമെന്നാണ് ആർ വെങ്കിട്ടരമണി കോടതിയെ അറിയിച്ചത്.

കേസിൽ മാർച്ച് ഒന്നിന് വീണ്ടും വാദം കേൾക്കും.