തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു നിന്ന് ബിജെപി സ്ഥാനാർത്ഥിയായി നടി ശോഭനയുടെ പേര് നിർദ്ദേശിച്ചെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഭാവിയിലെ രാഷ്ട്രീയക്കാരിയാണ് ശോഭന. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭന സ്ഥാനാർത്ഥിയാകണം. തിരുവനന്തപുരത്തു നിന്ന് അവർ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് താനും, കേന്ദ്ര നേതൃത്വവും അവരോട് സംസാരിച്ചിരുന്നുവെന്ന് സുരേഷ് ഗോപി അറിയിച്ചു.
നേരത്തെ തൃശ്ശൂരിൽ നടന്ന മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രിയോടൊപ്പം ശോഭന പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ ശോഭന ബിജെപിയിലേക്ക് എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നായിരുന്നു ഈ ചടങ്ങിൽ ശോഭന പറഞ്ഞത്. വനിതാ സംവരണ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് ശോഭന നന്ദി അറിയിക്കുകയും ചെയ്തു.

