ഗഗൻയാൻ പദ്ധതിയിലെ യാത്രികരുടെ പേരുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; സംഘത്തിൽ മലയാളിയും

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതി ഗഗൻയാൻ പദ്ധതിയിലെ യാത്രികരുടെ പേരുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരള സന്ദർശന വേളയിൽ തുമ്പ വിക്രം സാരാഭായ് സ്പേസ് സെന്ററിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി പദ്ധതിയിൽ ഉൾപ്പെട്ട യാത്രികരുടെ പേര് പ്രഖ്യാപിച്ചത്.

പദ്ധതിയുടെ തയ്യാറെടുപ്പുകളുടെ വിശകലനത്തിന് ശേഷമാണ് അദ്ദേഹം യാത്രികരെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് തുടങ്ങിയവരെല്ലാം പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

ഗഗൻയാൻ ദൗത്യത്തിൽ ഒരു മലയാളിയുമുണ്ട്. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ഗഗൻയാൻ ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികളിൽ ഒരാൾ. ദൗത്യ സംഘത്തിന്റെ തലവനായി പ്രശാന്ത് ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാൻശുക്ല എന്നിവരാണ് മറ്റ് അംഗങ്ങൾ.

ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ സുഖോയ് യുദ്ധവിമാനത്തം പറത്തുന്ന ഫൈറ്റർ പൈലറ്റാണ്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം വ്യോമസേനയുടെ ഭാഗമായത്.