കെഎസ്‌ഐഡിസി എസ്എഫ്‌ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന്; ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്‌സാലോജിക് കമ്പനി ഡയറക്ടറുമായ വീണാ വിജയനെതിരായ എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) അന്വേഷണത്തിൽ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. സംസ്ഥാന വ്യവസായ വികസന കോർപറേഷൻ എസ്എഫ്‌ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് ചെയ്യേണ്ടിയിരുന്നതെന്നു ഹൈക്കോടതി വ്യക്തമാക്കി. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

സിഎംആർഎലിൽ നടന്നതെന്തെന്ന് നിങ്ങളുടെ നോമിനിക്കു അറിയില്ലെന്നതു ലോജിക്കൽ അല്ല. പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ കെഎസ്‌ഐഡിസി. എസ്എഫ്‌ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് കെഎസ്‌ഐഡിസി ചെയ്യേണ്ടിയിരുന്നത്. സത്യം കണ്ടെത്താനാണു ശ്രമമെന്നും അദ്ദേഹം അറിയിച്ചു. 57 കമ്പനികളിൽ നിക്ഷേപമുണ്ടെന്നു കെഎസ്‌ഐഡിസി ഹൈക്കോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് അടുത്ത മാസം 12ലേക്ക് മാറ്റിയെന്നും ഹൈക്കോടതി അറിയിച്ചു.

ഹർജി ആദ്യം പരിഗണിച്ചപ്പോൾ തന്നെ കോടതി അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് അറിയിച്ചിരുന്നു. സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ അറിവില്ലെന്നും വിവാദമുണ്ടായപ്പോൾ തന്നെ സിഎംആർഎലിനോട് ഓഹരിപങ്കാളിയെന്ന നിലയിൽ വിശദീകരണം ചോദിച്ചിരുന്നെന്നും കെഎസ്‌ഐഡിസി പറഞ്ഞു. കെഎസ്‌ഐഡിസിയുടെ ഹർജിയിൽ കക്ഷിചേരാൻ ഷോൺ ജോർജ് നൽകിയ അപേക്ഷയും അനുവദിക്കരുതെന്നുള്ള കെഎസ്‌ഐഡിസിയുടെ എതിർ സത്യവാങ്മൂലവും ഹൈക്കോടതി പരിശോധിക്കും.