സന്ദേശ്ഖാലി അതിക്രമം; തൃണമൂൽ നേതാവ് ശൈഖ് ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് കോടതി

കൊൽക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ നടന്ന അതിക്രമങ്ങളിൽ മുഖ്യപ്രതിയായ തൃണമൂൽ നേതാവ് ശൈഖ് ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവിട്ട് കോടതി. കൽക്കട്ട ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രതിയുടെ അറസ്റ്റിനും മറ്റു നടപടികൾക്കും സ്റ്റേയില്ല. എഫ്‌ഐആറിൽ ശൈഖ് ഷാജഹാന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തീർച്ചയായും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു. സന്ദേശ്ഖാലിയിലെ തൃണമൂൽ നേതാവായ ശൈഖ് ഷാജഹാനും കൂട്ടാളികൾക്കും എതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരുന്നത്. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഭൂമി കൈയേറിയെന്നുമാണ് ഷാജഹാനെതിരെയുള്ള പരാതി.

സംഭവവുമായി ബന്ധപ്പെട്ട് ഷാജഹാന്റെ കൂട്ടാളിയും പ്രാദേശിക തൃണമൂൽ നേതാവുമായ അജിത് മെയ്തിയെ തിങ്കളാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാർട്ടി പദവികളിൽനിന്ന് അജിതിനെ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം, തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി സന്ദേശ്ഖാലി അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വിവാദത്തിനിടയാക്കിയിരുന്നു. കോടതി പോലീസിന്റെ കൈകൾ കെട്ടിയിട്ടതിനാൽ ബംഗാൾ സർക്കാരിന് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്നായിരുന്നു തൃണമൂൽ എംപിയുടെ പ്രസ്താവന.

ഇത് വിവാദമായതിന് പിന്നാലെയാണ് കൽക്കട്ട ഹൈക്കോടതി അറസ്റ്റ് സംബന്ധിച്ച് വ്യക്തത നൽകിയത്. പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനാൽ ഇതുസംബന്ധിച്ച് നോട്ടീസ് പുറത്തിറക്കാനും കോടതി പറഞ്ഞു.