ലക്നൗ: ഗ്യാൻവാപി പള്ളിയിൽ ഹിന്ദുമതപ്രകാരമുള്ള പൂജകൾ ചെയ്യാൻ അനുമതി നൽകിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. മസ്ജിദിലെ ദക്ഷിണമേഖലയിലെ സെല്ലാറിനുള്ളിൽ ഹിന്ദുപുരോഹിതന് പൂജകൾ അർപ്പിക്കാമെന്ന് വ്യക്തമാക്കി വാരാണസി ജില്ലാക്കോടതി ഉത്തരവിട്ടത് തുടരാമെന്ന് അലഹാബാദ് ഹൈക്കോടതി അറിയിച്ചു.
1993വരെ തന്റെ അമ്മയുടെ മുത്തച്ഛനായ സോമനാഥ് വ്യാസ് നിലവറയിൽ പൂജ നടത്തിയിരുന്നുവെന്ന് കാട്ടി ശൈലേന്ദ്ര കുമാർ പഥക് വ്യാസ് സമർപ്പിച്ചിരുന്ന ഹർജിയിലായിരുന്നു വാരാണസി കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ഉത്തരവിന് പിന്നാലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ ‘വ്യാസ് കാ തെഹ്ഖാന’ നിലവറയിൽ പൂജ ആരംഭിച്ചിരുന്നു.
1993വരെ നിലവറയിൽ പൂജ നടന്നതിന് ഹർജിക്കാരൻ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നായിരുന്നു പള്ളിക്കമ്മിറ്റി വാദിച്ചത്. ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) റിപ്പോർട്ട് പരസ്യമാക്കിയതിന് പിന്നാലെയാണ് വാരാണസി ജില്ലാ കോടതി ഹിന്ദുമത പ്രകാരമുള്ള പൂജ നടത്താൻ ഉത്തരവിട്ടത്.
ഔറംഗസീബിന്റെ ഭരണകാലത്ത് ഒരു ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് പള്ളി പണിതതെന്നായിരുന്നു എഎസ്ഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

