ഓപ്പൺബുക്ക് പരീക്ഷ അടുത്ത വർഷം മുതൽ നാലുവർഷ ബിരുദ കോഴ്‌സുകളിലും; ഗുണങ്ങൾ ഇവയെല്ലാം

തിരുവനന്തപുരം: ഓപ്പൺബുക്ക് പരീക്ഷ അടുത്ത വർഷം മുതൽ നാലുവർഷ ബിരുദ കോഴ്‌സുകളിലും വരും. പരമ്പരാഗത പരീക്ഷാ രീതികളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായുള്ളതാണ് ഓപ്പൺ ബുക്ക്. റഫർ ചെയ്ത് ചിന്തിച്ച് ഉത്തരം കണ്ടെത്തേണ്ട പരീക്ഷാരീതിയാണിത്. ബുദ്ധിയും വിശകലനശേഷിയും ഉപയോഗിച്ച് ഉത്തരമെഴുതേണ്ട ചോദ്യങ്ങളാവും ഉണ്ടാവുക.

ഓപ്പൺബുക്ക് പരീക്ഷയ്ക്കായി ഉന്നതവിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ കരട്ചട്ടം സർക്കാർ അംഗീകരിച്ച് വാഴ്‌സിറ്റികൾക്ക് കൈമാറിയിട്ടുണ്ട്. ഏതൊക്കെ കോഴ്‌സുകളിലാണ് ഓപ്പൺബുക്ക് വേണ്ടതെന്ന് തീരുമാനിക്കുക ബോർഡ് ഒഫ് സ്റ്റഡീസുകളാണ്. പ്രോബ്ലം സോൾവിംഗ് രീതിയിലുള്ളതായിരിക്കും ചോദ്യങ്ങൾ. വിദ്യാർത്ഥികളുടെ അപഗ്രഥനശേഷിയാവും വിലയിരുത്തുക. നന്നായി പഠിക്കുന്നവർക്കേ ഇതു കണ്ടെത്താൻ കഴിയൂ.

കുട്ടികളുടെ ചിന്ത, പ്രശ്‌നപരിഹാരം, ടീം വർക്ക്, ആശയവിനിമയം, സാമൂഹ്യഇടപെടൽ എന്നിവയ്ക്കുള്ള ശേഷി കൂട്ടാനും സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ട് 4വർഷ ബിരുദത്തിലുള്ള ഫൗണ്ടേഷൻ കോഴ്‌സുകളിലാവും ആദ്യം ഓപ്പൺബുക്ക് പരീക്ഷ. വിശകലനാത്മകമായ ചോദ്യങ്ങളുണ്ടാക്കുന്നതും ഉത്തരസൂചിക പോലുമില്ലാതെ മൂല്യനിർണയം നടത്തുന്നതും അദ്ധ്യാപകർക്കും വെല്ലുവിളിയാകും. ബുദ്ധിവൈഭവവും കാര്യക്ഷമതയും അളക്കേണ്ടതിനാൽ മൂല്യനിർണയത്തിന് ഏകീകൃത മാനദണ്ഡം അസാദ്ധ്യമാവും. ചോദ്യങ്ങളുടെയും അദ്ധ്യാപനത്തിന്റെയും രീതി മാറും. വിഷയം നന്നായി മനസിലാക്കിയാലേ ഗുണമുള്ളൂ. പാഠ്യവിഷയം എത്രത്തോളം മനസിലാക്കിയിട്ടുണ്ടെന്നാവും പരീക്ഷിക്കപ്പെടുക. പഠിച്ചത് പ്രായോഗികമായി ഉപയോഗിക്കാനുള്ള കഴിവ് വിലയിരുത്തും. വിഷയം ഉൾക്കൊണ്ട് പഠിക്കാമെന്നതാണ് ഈ പരീക്ഷാ രീതിയുടെ ഗുണം.

പഠന നിലവാരം ഉയരും, പരീക്ഷാസമ്മർദ്ദം കുറയും, ചിന്തയും വിശകലനവും കൂടും തുടങ്ങിയവയാണ് ഈ രീതിയുടെ മറ്റ് നേട്ടങ്ങൾ.