തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. കരിമണൽ ഖനന കരാറുമായി ബന്ധപ്പെട്ട് സിഎംആർഎൽ കമ്പനിക്കായും അവർ പ്രമോട്ട് ചെയ്യുന്ന കെആർഎംഇഎൽ കമ്പനിക്കായും പലതവണ നിയമവിരുദ്ധ ഇടപെടൽ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, സിഎംആർഎൽ കമ്പനിയിൽ നിന്ന് നൂറു കോടിയോളം രൂപ കൈപ്പറ്റിയെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.
മാസപ്പടി കേസിലെ യഥാർഥ പ്രതി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മകൾ വീണ നടത്തിയ അഴിമതി താരതമ്യേന ചെറുതാണ്. സ്വന്തം മകളെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ സംശയനിഴലിൽ നിർത്തുന്നതെന്നും കുഴൽനാടൻ ചോദിച്ചു. ഈ വിഷയത്തിൽ മന്ത്രിമാരായ പി രാജീവിനെയും എം ബി രാജേഷിനെയും കുഴൽനാടൻ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. സിഎംആർഎലിനും കെആർഎംഇഎലിനുമായി മുഖ്യമന്ത്രി നിയമവിരുദ്ധമായി കൂടുതൽ ഇടപെടലുകൾ നടത്തിയതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു.
റവന്യൂവകുപ്പിന്റെ അധികാര പരിധിയിലുള്ള വിഷയത്തിൽ, സിഎംആർഎലിനായി മുഖ്യമന്ത്രി ഇടപെട്ടു, നൽകാത്ത സേവനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി സിഎംആർഎലിൽനിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ, മുഖ്യമന്ത്രിയാണ് യഥാർഥ പ്രതി. ആലപ്പുഴ ജില്ലയിൽ കെആർഎംഇഎൽ കമ്പനി 60 ഏക്കർ 20 വർഷമായി കൈവശംവച്ചിരിക്കുകയാണ്. ഭൂപരിഷ്‌ക്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കറാണ്. ഭൂമിക്ക് ഇളവ് നൽകണമെങ്കിൽ ജില്ലാതല സമിതി പരിശോധിക്കണം. പൊതുതാൽപര്യം മുൻനിർത്തി മാത്രമേ ഇളവ് നൽകാനാകൂ. ഭൂമിക്ക് ഇളവു നൽകാൻ ജില്ലാ സമിതി ശുപാർശ ചെയ്യാത്തതിനാൽ 2021ൽ റവന്യൂവകുപ്പ് കമ്പനിയുടെ അപേക്ഷ തള്ളി. രണ്ടു തവണകൂടി കമ്പനി തീരുമാനം പുനഃപരിശോധിക്കാൻ അപേക്ഷ നൽകിയെങ്കിലും തള്ളി. കമ്പനി പിന്നീട് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. ആദ്യം മിനറൽ കോംപ്ലക്‌സ് തുടങ്ങാനാണ് സിഎംആർഎൽ പദ്ധതി സമർപിച്ചതെങ്കിൽ പിന്നീട് ടൂറിസം, സോളാർ പദ്ധതികൾക്കായാണ് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയത്. ആലപ്പുഴ ജില്ലയിലെ ഭൂമിയിൽ കെആർഎംഇഎൽ കമ്പനിക്ക് പദ്ധതി തുടങ്ങാനായി മുഖ്യമന്ത്രി ഇടപെടൽ നടത്തി. സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടും ഭൂമി ഇളവു നൽകാൻ യോഗം വിളിച്ചു. നിയമങ്ങളിൽ ഭേദഗതി ചെയ്യാനുള്ള കുറിപ്പ് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വച്ചു. മുഖ്യമന്ത്രി ഇടപെട്ടു തുടങ്ങിയശേഷം കമ്പനി വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നൽകിയതായി മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി.
പുതിയ ജില്ലാ സമിതി പരിശോധിച്ചശേഷം 2022 ജൂണിൽ അപേക്ഷയ്ക്ക് അനുമതി നൽകി. ഭൂമിക്ക് ഇളവു നൽകിയാൽ ഹെക്ടറിന് 20 പേർക്കാണ് നിയമപ്രകാരം തൊഴിൽ ലഭിക്കേണ്ടത്. 1000 പേർക്ക് തൊഴിൽ ലഭിക്കേണ്ട സ്ഥാനത്ത് കമ്പനി പറഞ്ഞത് 100 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ്. മുഖ്യമന്ത്രി നിയമത്തെ മറികടന്ന് കമ്പനിക്കായി ഇടപെടൽ നടത്തിയെങ്കിലും കേസ് ഉള്ളതിനാൽ ഭൂമി അനുവദിക്കാൻ കഴിയില്ലെന്ന് റവന്യൂവകുപ്പ് നിലപാെടടുത്തു. കമ്പനിക്ക് ഇതിനെതിരെ കോടതിയിൽ പോകാമെന്നും ജില്ലാ സമിതി ശുപാർശ ചെയ്തതിനാൽ ഭൂമി കൊടുക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

