വാടക ഗർഭധാരണം: നിയമ വ്യവസ്ഥയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വാടക ഗർഭധാരണത്തിന് ദാതാവ് വഴി അണ്ഡവും ബീജവും സ്വീകരിക്കുന്നത് വിലക്കുന്ന വ്യവസ്ഥയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാർച്ചിൽ കൊണ്ടു വന്ന നിബന്ധനകളിലാണ് ഭേദഗതി വരുത്തിയത്.

വാടക ഗർഭധാരണം പ്രയോജനപ്പെടുത്തുന്ന ദമ്പതികൾക്ക് പുറത്തു നിന്ന് ഒരാളുടെ അണ്ഡമോ ബീജമോ സ്വീകരിക്കുന്നത് വിലക്കിയ നടപടിയിലാണ് കേന്ദ്രം പുനഃപരിശോധന നടത്തുന്നത്. ദമ്പതികളിൽ ഒരാൾക്ക് ആരോഗ്യപ്രശ്‌നമുണ്ടെന്ന് മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയാൽ പുറത്ത് നിന്ന് അണ്ഡമോ അല്ലെങ്കിൽ ബീജമോ സ്വീകരിക്കാമെന്നാണ് പുതിയ വ്യവസ്ഥയിൽ വ്യക്തമാക്കിയിട്ടുള്ളത്.

പുറത്ത് നിന്ന് ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം സ്വീകരിക്കാനാണ് അനുമതി. പുറത്ത് നിന്ന് ഇവ സ്വീകരിക്കാനാകില്ലെന്ന വ്യവസ്ഥ ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്നു. വ്യവസ്ഥയിൽ പുനഃപരിശോധന സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിരുന്നു. നിയമത്തിൽ ഭേദഗതി വരുത്തിയ വിഷയം കേന്ദ്ര സർക്കാർ ഇന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 15ന് കേസ് വീണ്ടും പരിഗണിക്കും.