ഇസ്ലാമാബാദ്: മറ്റ് രാജ്യങ്ങളുടെ അതിർത്തിക്കുള്ളിൽ കടന്ന് ‘സർജിക്കൽ സ്‌ട്രൈക്ക്’ നടത്തി ഇറാൻ. പാകിസ്ഥാനിൽ കടന്ന് ഇറാൻ ജെയ്ഷ് അൽ അദ്ൽ എന്ന തീവ്രവാദ സംഘടനയുടെ കമാൻഡർ ഇസ്മയിൽ ഷഹബക്ഷിയെയും കൂട്ടാളികളെയും വധിച്ചുവെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകൾക്ക് നേരെ ഇറാൻ ഏകദേശം ഒരു മാസം മുൻപ് വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്റെ നടപടിയെ തുടർന്ന് ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള നയതന്ത്രബന്ധം വഷളാകുകയും ചെയ്തിരുന്നു.
2012ൽ ഇറാന്റെ തെക്ക് കിഴക്കൻ പ്രവിശ്യയായ സിസ്റ്റാൻ – ബലൂചിസ്ഥാൻ പ്രദേശത്ത് രൂപപ്പെട്ട സുനന്നി ഭീകരസംഘടനയാണ് ജെയ്ഷ് അൽ അദ്ൽ എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നത്. ആർമി ഓഫ് ജെസ്റ്റിസ് എന്നാണ് ഈ സംഘടന അറിയപ്പെടുന്നത്. ഇറാൻ അതിർത്തിയിലെ പാക് പ്രദേശമായ ബലൂചിസ്ഥാൻ മേഖലയിലും ഇവരുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഡിസംബറിൽ ഇറാന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നിരവധി ആക്രമണങ്ങൾ ജെയ്ഷ് അൽ അദ്ൽ നടത്തിയിരുന്നെന്നാണ് വിവരം.

