ഏകവ്യക്തി നിയമം നടപ്പാക്കാൻ ഒരുങ്ങി അസം സർക്കാർ; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

ഗുവാഹത്തി: ഏകവ്യക്തി നിയമം നടപ്പാക്കാൻ ഒരുങ്ങി അസം സർക്കാർ. ഇതിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി മുസ്ലിം വിവാഹം, വിവാഹമോചന റജിസ്‌ട്രേഷൻ നിയമം എന്നിവ പിൻവലിക്കാൻ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. അസം മന്ത്രി ജയന്ത മല്ല ബറുവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അസമിൽ ഏകീകൃത സിവിൽ കോഡിന് നിയമനിർമാണം നടത്താൻ പദ്ധതിയിടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പലതവണ സൂചന നൽകിയിരുന്നു. ഉത്തരാഖണ്ഡ് ബിൽ പാസാക്കിയതിന് ശേഷമായിരുന്നു അസം മുഖ്യമന്ത്രി ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്.

വളരെ പ്രധാനപ്പെട്ട തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും അതിനനുസൃതമായാണ് അസം 1935ലെ മുസ്ലിം വിവാഹം, വിവാഹമോചന റജിസ്‌ട്രേഷൻ നിയമം റദ്ദാക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം സ്‌പെഷൻ മാര്യേജ് ആക്ടിന്റെ കീഴിലായിരിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നു ശൈശവ വിവാഹങ്ങൾ കുറയ്ക്കുന്നതിനും തീരുമാനം സഹായിക്കുമെന്നു മന്ത്രി കൂട്ടിച്ചേർത്തു.

ബിൽ ഉടൻ അസം നിയമസഭയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.