തിരുവനന്തപുരം: പി സി ജോർജിനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കിയാൽ സഹകരിക്കില്ലെന്ന് ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ച് ബിഡിജെഎസ്. നേരത്തെ സമുദായത്തെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ചതിനാലാണ് പിസി ജോർജിനെതിരെ ബിഡിജെഎസ് നിലപാട് കടുപ്പിച്ചത്. ഇതോടെ പത്തനംതിട്ടയിൽ പി എസ് ശ്രീധരൻ പിള്ള മത്സരിക്കാൻ എത്തിയേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 16 സീറ്റുകളിൽ ബിജെപിയും നാല് സീറ്റുകളിൽ ബിഡിജെഎസും മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. കോട്ടയം, മാവേലിക്കര ഇടുക്കി, ചാലക്കുടി സീറ്റുകൾ ബിഡിജെഎസിന് നൽകും. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയായേക്കുമെന്നാണ് വിവരം.
ആലപ്പുഴയിൽ കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസിന്റെ ഭാര്യ ലിഷ രഞ്ജിത്ത് സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സന്ദീപ് വചസ്പതിയുടെ പേരും ആലപ്പുഴയിൽ പരിഗണിക്കുന്നുണ്ട്. ആലത്തൂരിൽ എസ് സി മോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജിമോൻ വട്ടേക്കാടിനും സാധ്യതയുണ്ട്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
തൃശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ വി മുരളീധരനും പാലക്കാട് സി കൃഷ്ണ കുമാറും സ്ഥാനാർത്ഥികളായേക്കുമെന്നും സൂചനകളുണ്ട്.

