രാഷ്ട്രീയ പ്രതിസന്ധി വരുമ്പോഴൊക്കെ കൊലപാതകം നടത്തുന്നതു സിപിഎം ശൈലിയാണ്; കെ സുധാകരൻ

ആലപ്പുഴ: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പങ്കില്ലെന്ന സിപിഎമ്മിന്റെ വാദം അന്വേഷണത്തിലൂടെ പൊളിഞ്ഞതു പോലെ കൊയിലാണ്ടിയിലെ കൊലപാതകത്തിന്റെ കാര്യത്തിലും നാളെ മാറ്റിപ്പറയേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രതിസന്ധി വരുമ്പോഴൊക്കെ കൊലപാതകം നടത്തുന്നതു സിപിഎം ശൈലിയാണ്. ടിപി കേസ് പ്രതിയായിരുന്ന കുഞ്ഞനന്തന്റെ മരണത്തെപ്പറ്റി സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും സുധാകരൻ പറഞ്ഞു. കുഞ്ഞനന്തനു വിഷം കൊടുത്തതാണെന്നാണു ജനസംസാരം. സിപിഎം നേതാക്കളുമായി തെറ്റുന്ന പ്രവർത്തകർ ‘താൻ എല്ലാം തുറന്നു പറയണോ’ എന്നു ചോദിക്കുന്നു. കൊടി സുനി ഉദാഹരണം. ഇപ്പോൾ ഏതു ജയിലിൽ പോയാലും സുനിയാണു സൂപ്രണ്ട്. എല്ലാ സൗകര്യങ്ങളും നൽകുന്നു. ഇവരെയൊക്കെ നേതാക്കൾക്ക് അത്രയ്ക്കു ഭയമാണ്. ഈ ഭയത്തിൽനിന്നാണു കുഞ്ഞനന്തൻ മരിച്ചതെന്നു സിപിഎമ്മിൽ തന്നെ സംസാരമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

അതേസമയം, കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ടു നിയമപരമായ കാര്യങ്ങൾ ആലോചിക്കുന്നുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അറിയിച്ചു. ഹൈക്കോടതിയുടെ പുതിയ വിധി വന്നതോടെ ടിപി കേസ് വീണ്ടും തുറന്നിരിക്കുകയാണ്. ഉന്നതർ പങ്കെടുത്ത, വ്യാപക ഗൂഢാലോചന ഈ കേസിലുണ്ട്. കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര സർക്കാരിൽനിന്നു സംസ്ഥാനത്തിന് 57000 കോടി കിട്ടാനുണ്ടെന്ന വാദം പച്ചക്കള്ളമാണ്. 3100 കോടി മാത്രമേ കിട്ടാനുള്ളൂ. 5 വർഷത്തേക്കാണു ജിഎസ്ടി നഷ്ടപരിഹാരം നൽകേണ്ടത്. ആ സമയം കഴിഞ്ഞു. ഏച്ചുകെട്ടിയ കണക്കാണു സർക്കാർ പറയുന്നത്. ധന കമ്മിഷൻ വിഹിതം കുറവാണെന്നതു സത്യമാണ്. അതു പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു തങ്ങൾ കമ്മിഷനെ സമീപിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.