കശ്മീരില്‍ സ്വതന്ത്രയും സുരക്ഷിതയും: വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ച് യുകെ പാര്‍ലമെന്റില്‍ കയ്യടി നേടി യാന മിർ

ബ്രിട്ടൻ: കശ്മീരിന് എതിരായ വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ച് മാധ്യമ പ്രവർത്തക യാന മിർ. യു കെ പാർലമെന്റിലാണ് കശ്മീരിനെതിരെയുള്ള നുണപ്രചാരണങ്ങൾക്കെതിരെ യാന സംസാരിച്ചത്. ജമ്മു-കശ്മീരിൽ നിന്നുള്ള മാധ്യമ പ്രവർത്തകയാണ് യാന മിർ. ജമ്മു-കശ്മീർ മേഖലയിൽ വൈവിധ്യത്തിലൂന്നിയ പ്രവർത്തനങ്ങളിലൂടെ കാഴ്ച വച്ച മികച്ച സംഭാവനകളെ മാനിച്ചുള്ള യുകെ പാർലമെന്റിലെ ഡൈവേഴ്‌സിറ്റി അംബാസഡർ പുരസ്‌കാരം യാന മിറിന് ലഭിച്ചിരുന്നു. ഈ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കവെയായിരുന്നു യാനാ മിറിന്റെ പ്രതികരണം. എംപി തെരേസ വില്ലിയേഴ്‌സിൽ നിന്നാണ് യാന പുരസ്‌കാരം സ്വീകരിച്ചത്. താൻ ഭാരതത്തിൽ സ്വതന്ത്രയും സുരക്ഷിതയുമാണെന്നും മലാലയെ പോലെ മാതൃരാജ്യത്തു നിന്നും ഒളിച്ചോടേണ്ടി വരില്ലെന്നും യാന മിർ പറഞ്ഞു.

യുകെ പാർലമെന്റ് അംഗങ്ങൾ, പ്രാദേശിക കൗൺസിലർമാർ, സമുദായ നേതാക്കൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ, തുടങ്ങിയവർ ചങ്ങിൽ പങ്കെടുത്തിരുന്നു. എംപിമാരായ ബോബ് ബ്ലാക്മാൻ, തെരേസ വില്ലിയേഴ്‌സ്, ഏലിയട്ട് കോൾബേൺ, വീരേന്ദ്ര ശർമ തുടങ്ങിയവരായിരുന്നു ചടങ്ങിലെ വിശിഷ്ടാതിഥികൾ. കശ്മീരി ആക്റ്റിവിസ്റ്റും, ഭാരത് എക്സ്പ്രസ് ന്യൂസ് നെറ്റ് വർക്കിന്റെ മുതിർന്ന അവതാരകയുമാണ് യാന മിർ.

താൻ ഒരു മലാല അല്ല. തന്റെ മാതൃരാജ്യമായ ഇന്ത്യയുടെ ഭാഗമായ കശ്മീരിൽ സ്വതന്ത്രയും സുരക്ഷിതയുമാണ്. തനിക്കൊരിക്കലും തന്റെ ജന്മനാട്ടിൽ നിന്ന് പലായനം ചെയ്ത് നിങ്ങളുടെ രാജ്യത്ത് അഭയം തേടേണ്ടി വരില്ലെന്ന് യാന ചൂണ്ടിക്കാട്ടി. നിറഞ്ഞ കയ്യടിയാണ് യാനയുടെ വാക്കുകൾക്ക് ലഭിച്ചത്. താനൊരു മലാല യൂസഫ്സായി അല്ല. എന്തെന്നാൽ തന്റെ മാതൃരാജ്യമായ ഇന്ത്യയിൽ താൻ സ്വതന്ത്രയും സുരക്ഷിതയുമാണ്. താൻ ജനിച്ച കശ്മീർ ഇന്ത്യയുടെ അഭിമാനമാണ്. തനിക്ക് ഒരിക്കലും തന്റെ മാതൃരാജ്യത്ത് നിന്ന് ഒളിച്ചോടി നിങ്ങളുടെ രാജ്യത്ത് അഭയം തേടേണ്ടിവരില്ല. താൻ ഒരിക്കലും ഒരു മലാലയാകാനും പോകുന്നില്ല. താൻ മലാല യൂസഫ്സായിയുടെ എല്ലാ വാദങ്ങളെയും ശക്തമായി എതിർക്കുകയാണെന്നും യാന അഭിപ്രായപ്പെട്ടു.

കശ്മീരിൽ ജനങ്ങൾ പ്രതിഷേധം നടത്തുന്നുണ്ടെന്ന അവരുടെ വാദം തെറ്റാണ്. ഇത്തരത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങളിൽ ആരും വീഴരുത്. ഇത്തരം പ്രചാരണങ്ങൾ നിർത്തണം. ഇന്ത്യൻ മണ്ണിനെ വിഭജനത്തിലൂടെ തകർക്കാൻ തങ്ങൾ അനുവദിക്കില്ല. പാക്കിസ്ഥാൻ ഇത് നിർത്തണമെന്ന് യുകെ പാർലമെന്റിൽ വച്ച് താൻ ഉറക്കെ പറയുന്നു. നിങ്ങളുടെ ഇത്തരം പ്രചാരണങ്ങൾ കാരണം കശ്മീരിലെ നിരവധി അമ്മമാർക്കാണ് അവരുടെ മക്കളെ നഷ്ടപ്പെട്ടതെന്നും യാന ചൂണ്ടിക്കാട്ടി. നിരവധി പേരാണ് യാനാ മിറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. യാനയുടെ വാക്കുകൾക്ക് വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. അതേസമയം, പ്രൊഫസർ സാജദ് രാജയും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയിരുന്നു.